ഗുവാഹതി: ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളുടെ നിയമവിരുദ്ധ നുഴഞ്ഞുകയറ്റം വടക്കുകിഴക്കൻ സംസ്ഥാനത്തെ തദ്ദേശീയ സമൂഹങ്ങൾക്ക് അസ്തിത്വ ഭീഷണി ഉയർത്തുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തദ്ദേശീയ ജനതയുടെ ഐഡന്റിറ്റി നിലനിർത്താനുള്ള പോരാട്ടത്തിലാണ് അസം എന്നും ഹിമന്ത പറഞ്ഞു.
ഇന്നലെ സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രംസഗത്തിലാണ് അസം മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. ലൗ ജിഹാദ് മുതൽ ലാൻഡ് ജിഹാദ് വരെ എല്ലാം നമ്മൾ നേരിടുകയാണെന്ന് പറഞ്ഞ ബി.ജെ.പി നേതാവ്, സ്വന്തം പൈതൃകം സംരക്ഷിക്കണമെന്ന് അസമീസ് സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
78 വർഷം അസം നുഴഞ്ഞുകയറ്റക്കാരുമായി വിട്ടുവീഴ്ച ചെയ്തു. ചില ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് വേരൂന്നാൻ അനുവദിച്ചു. നമ്മൾ ഇനിയും നിശബ്ദരായിരുന്നാൽ അടുത്ത ദശകത്തിൽ നമ്മുടെ സ്വത്വവും ഭൂമിയും എല്ലാം നഷ്ടപ്പെടും. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ കാമാഖ്യ ക്ഷേത്ര കുന്നുകൾ പോലും കൈയേറപ്പെട്ടേക്കാം.
പരിചയമില്ലാത്തവർക്ക് ഭൂമിയും വിൽക്കരുത്. സമൂഹ ഉടമസ്ഥാവകാശം ശക്തിപ്പെടുത്തുന്നതിനായി സർക്കാർ തദ്ദേശവാസികൾക്ക് ഭൂമിയുടെ അവകാശങ്ങൾ നൽകിയിട്ടുണ്ട്. പല ജില്ലകളിലും നമ്മൾ ഇതിനകം വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. അഭിമാനിയായ ഒരു ആസാമി എന്ന നിലയിൽ ഇനി വിട്ടുവീഴ്ചയ്ക്ക് തയാറല്ല. ഇപ്പോഴത്തെ നമ്മുടെ പോരാട്ടം അടുത്ത തലമുറയ്ക്ക് സ്വന്തം വ്യക്തിത്വം നിലനിർത്താൻ പ്രചോദനം നൽകും -മുഖ്യമന്ത്രി പറഞ്ഞു.
ചിലർ നുഴഞ്ഞുകയറ്റക്കാർക്ക് കീഴടങ്ങുന്നു എന്നും മുഖ്യമന്ത്രി ആരോപിച്ചു. നിർമ്മാണ മേഖലയാകെ അവർ പിടിച്ചെടുത്തു. സാമ്പത്തിക ശക്തി ഏതാണ്ട് പിടിച്ചടക്കിയതിനു ശേഷം ഈ അജ്ഞാതർ ഇപ്പോൾ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാൻ മുന്നേറുകയാണ്. അവരെ തടയാൻ, അവരുടെ ആക്രമണത്തിനെതിരെ നമ്മൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ സ്ഥലങ്ങളിൽനിന്നും ആദിവാസി മേഖലകളിൽ നിന്നും സർക്കാർ ഭൂമിയിൽ നിന്നും അജ്ഞാതരായ ആളുകളെ ഒഴിപ്പിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു -ഹിമന്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.