ശ്രഗീനഗർ: ‘പഹൽഗാം ആക്രമണം പോലുള്ള സംഭവങ്ങൾ കൂടി പരിഗണിക്കണമെന്ന’ സുപ്രീംകോടതിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച്, ജമ്മു കശ്മീന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി വീടുതോറുമുള്ള ഒപ്പുശേഖരണ കാമ്പയ്ൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ജനകീയമായ ആവശ്യത്തെ സുരക്ഷയുടെ കണ്ണിലൂടെ കാണരുതെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കേന്ദ്രഭരണ പ്രദേശത്തെ 20 ജില്ലകളെയും ഉൾക്കൊള്ളുന്ന ഒപ്പുശേഖരണ കാമ്പയിന് ഉമർ അബ്ദുല്ല ഇറങ്ങിത്തിരിക്കുന്നത്.
സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള ഹരജിക്ക് മറുപടിയായി ‘പഹൽഗാമിൽ സംഭവിച്ചത് നിങ്ങൾക്ക് അവഗണിക്കാൻ കഴിയില്ല’ എന്ന ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ സമീപകാല പരാമർശം ജമ്മു കശ്മീർ ജനതയെ പ്രകോപിപ്പിച്ചതായാണ് റിപ്പോർട്ട്. വിഷയത്തിൽ എട്ട് ആഴ്ചകൾക്കു ശേഷമാണ് അടുത്ത വാദം കേൾക്കൽ.
‘ഓഫിസുകളിൽ നിന്ന് ഇറങ്ങി ഡൽഹിയിലെ വാതിലുകളിൽ ചെന്ന് നമുക്ക് വേണ്ടി ശബ്ദമുയർത്തേണ്ട’ സമയമാണിതെന്ന് ഉമർ അബ്ദുല്ല പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ നടത്തുന്ന ആദ്യ സ്വാതന്ത്ര്യദിന പരിപാടിയായ ശ്രീനഗറിലെ ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. കത്തുകൾ, പ്രമേയങ്ങൾ, യോഗങ്ങൾ എന്നിവയിലൂടെ നേരത്തെ തന്നെ ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നുവെന്നും അടുത്ത ഘട്ടത്തിൽ ജമ്മു കശ്മീരിലെ എല്ലാ ഗ്രാമങ്ങളിലും എത്തി സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പിന്തുണ ശേഖരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് പഹൽഗാം ഭീകരാക്രമണവുമായി ബന്ധിപ്പിക്കുന്നത് ‘അനീതി’യാണെന്നും ‘ആളുകളെ അവർ ചെയ്യാത്ത കുറ്റകൃത്യത്തിന് ശിക്ഷിക്കുന്നതിന്’ തുല്യമാണെന്നും ഉമർ പറഞ്ഞു. ബാഹ്യശക്തികളാണോ സംസ്ഥാന പദവി നിർണയിക്കുന്നതെന്നും നമുക്ക് എപ്പോൾ ഒരു സംസ്ഥാനമാകാൻ കഴിയുമെന്ന് നമ്മുടെ അയൽക്കാരോ ശത്രുക്കളോ നിർണിയിക്കുമോയെന്നും എന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന പദവി ഹരജിയിൽ എട്ട് ആഴ്ചക്കുള്ളിൽ കേന്ദ്രത്തിന്റെ പ്രതികരണം അറിയിക്കണമെന്ന് വ്യാഴാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ‘ഇന്നു മുതൽ ഞാനും എന്റെ സഹപ്രവർത്തകരും ഇരിക്കില്ല. ഞങ്ങൾ ക്ഷീണിക്കില്ല. ജമ്മു കശ്മീരിലെ 90 നിയമസഭാ മണ്ഡലങ്ങളിലെ ഓരോരുത്തരുടെയും അടുക്കൽ എത്താൻ ഈ എട്ട് ആഴ്ചകൾ ഞങ്ങൾ ഉപയോഗിക്കും. എല്ലാ വാതിലുകളിലും മുട്ടി ഒരു ചോദ്യം ചോദിക്കും. നിങ്ങൾക്ക് ജമ്മു കശ്മീരിനെ സംസ്ഥാന പദവിയിലേക്ക് തിരികെ കൊണ്ടുവരണോ വേണ്ടയോ? ശേഖരിച്ച ഒപ്പുകൾ കേന്ദ്രത്തിനും സുപ്രീംകോടതിക്കും സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദശലക്ഷക്കണക്കിന് ആളുകൾ ഈ ആവശ്യത്തെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉമർ പറഞ്ഞു. ആളുകൾ ഒപ്പിടാൻ വിസമ്മതിച്ചാൽ, ജമ്മു കശ്മീർ നിലവിലെ സാഹചര്യത്തിൽ തൃപ്തരാണെന്ന് താൻ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലുടനീളം വ്യാപകമായ അപലപനം ഉണ്ടായിട്ടും പഹൽഗാം കൂട്ടക്കൊലയുമായി ജമ്മു കശ്മീരിലെ ജനങ്ങളെ അന്യായമായി ബന്ധിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ‘കത്‍വ മുതൽ കുപ്വാര വരെ ആക്രമണം ഞങ്ങളുടെ പേരിലല്ലെന്ന് ആളുകൾ പറയാത്ത ഒരു നഗരമോ ഗ്രാമമോ വീടോ ഇല്ല. ഈ സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷ അർപ്പിക്കുന്നു. ഈ വർഷം എന്തെങ്കിലും മാറ്റം വരുമെന്ന് ഞങ്ങളുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്നോട് വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.