ബംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിനുള്ളിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരിക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ 13കാരനാണ് പരിക്കേറ്റത്. ദേശീയോദ്യാന അധികൃതർ ഉടൻ പ്രഥമശുശ്രൂഷ നൽകി. പിന്നീട് കൂടുതൽ വൈദ്യസഹായം ലഭ്യമാക്കി.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കാട്ടിലൂടെ ജീപ്പ് സഫാരി നടത്തവെ വഴിയരികിൽ നിന്നിരുന്ന പുള്ളിപ്പുലി പൊടുന്നനെ സഫാരി ജീപ്പിന് സമീപത്തേക്ക് ഓടിവരികയായിരുന്നു. തുടർന്ന് ജീപ്പിന്‍റെ ഡോറിലൂടെ ഉള്ളിലേക്ക് കയറാൻ ശ്രമിക്കുകയും വശത്ത് ഇരുന്നിരുന്ന 13കാരനെ ആക്രമിക്കുകയുമായിരുന്നു. കുട്ടിയുടെ കൈയിൽ പുള്ളിപ്പുലിയുടെ നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്.
ആക്രമണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ മറ്റൊരു ജീപ്പിൽ വരികയായിരുന്ന സഫാരി സംഘം പകർത്തിയതാണ് ദൃശ്യങ്ങൾ.
അപ്രതീക്ഷിതമായി ഒരു പുള്ളിപ്പുലി വാഹനത്തെ പിന്തുടരുകയും ചാടി കുട്ടിയുടെ കൈയിൽ മാന്തുകയുമായിരുന്നെന്ന് ബയോളജിക്കൽ പാർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സൂര്യ സെൻ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് എ.സി അല്ലാത്ത സഫാരി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കർശന സുരക്ഷാ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് പാർക്ക് അധികൃതർ പറഞ്ഞു.
എല്ലാ സഫാരി വാഹനങ്ങളുടെയും ജനാലകളിലും ക്യാമറ ഓപ്പണിങ്ങുകളിലും മെഷുകൾ ഘടിപ്പിക്കണമെന്ന് നിർദ്ദേശിച്ചതായി കർണാടക വനം പരിസ്ഥിതി മന്ത്രി ഈശ്വര ഖാൻദ്രെ പറഞ്ഞു. സഫാരിക്കിടയിൽ വിനോദസഞ്ചാരികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനും സഫാരി ടിക്കറ്റുകളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ പതിക്കുന്നതിനും ഉൾപ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.