ഓപറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള അഭിപ്രായ പ്രകടനം; പ്രഫസർ അലി ഖാനെതിരായ അന്വേഷണം നാല് ആഴ്ചക്കുള്ളിൽ പൂർത്തിയാക്കണം

ന്യൂഡൽഹി: അശോക സർവകലാശാല പ്രഫസർ അലി ഖാൻ മഹ്മൂദാബാദിനെതിരായ അന്വേഷണം നാല് ആഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ എഴുതുന്നതിൽ നിന്ന് മാത്രമേ അലി ഖാനെ വിലക്കിയിട്ടുള്ളൂവെന്നും മറ്റ് വിഷയങ്ങളിൽ അദ്ദേഹത്തിന് എഴുതാനോ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനോ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

ഓപറേഷൻ സിന്ദൂറിന്റെ മാധ്യമ കവറേജിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രഫസർ അലി ഖാൻ മഹ്മൂദാബാദിനെ ഹരിയാന ​പൊലീസ് അറസ്റ്റ് ചെയ്തത്. സാമുദായിക സംഘർഷം, കലാപം, മതവിശ്വാസങ്ങളെ അപമാനിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. ഈ നടപടി അക്കാദമിക്, ആക്ടിവിസ്റ്റ് വൃത്തങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

സായുധ സേനയിലെ വനിത ഓഫിസർമാരെ വലതുപക്ഷം പ്രശംസിക്കുകയും വിദ്വേഷ കുറ്റകൃത്യങ്ങളെയും വ്യവസ്ഥാപരമായ അനീതികളെയും കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നതിനെ ‘കാപട്യം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചതിനെ ചൂണ്ടിക്കാട്ടി മേയ് എട്ടിന് അലി ഖാൻ മഹ്മൂദാബാദ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന്റെ പേരിലാണ് അറസ്റ്റ്.

‘ഒടുവിൽ കേണൽ സോഫിയ ഖുറൈഷിയെ പ്രശംസിക്കുന്ന നിരവധി വലതുപക്ഷ കമന്റേറ്റർമാരെ കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഒരുപക്ഷേ അവർക്ക് ആൾക്കൂട്ട കൊലപാതകങ്ങളുടെയും ഏകപക്ഷീയമായ ബുൾഡോസിങ്ങിന്റെയും ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണത്തിന്റെയും ഇരകളായ മറ്റുള്ളവരെയും ഇന്ത്യൻ പൗരന്മാരായി സംരക്ഷിക്കണമെന്ന് ഉച്ചത്തിൽ ആവശ്യപ്പെടാനും കഴിയും.

രണ്ട് വനിത സൈനികർ അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രധാനമാണ്. പക്ഷേ, അവ യാഥാർഥ്യത്തിലേക്ക് വിവർത്തനം ചെയ്യപ്പെടണം. അല്ലാത്തപക്ഷം അത് വെറും ‘കാപട്യം’ മാത്രമാണ്’ എന്നായിരുന്നു അദ്ദേഹം എഴുതിയത്. 

Tags:    
News Summary - Finish probe in 4 weeks: SC to SIT in Ashoka University profs social media case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.