ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. സമയപരിധി നിശ്ചയിച്ചുള്ള വിധിക്കെതിരെ രാഷ്ടപതി ദ്രൗപദി മുര്‍മു14 വിഷയങ്ങളിൽ വ്യക്തത തേടി ഭരണഘടന 143-ാം അനുച്ഛേദം അനുസരിച്ച് നൽകിയ റഫറൻസിൽ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. ഇതിലാണ് ഭരണഘടന പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സത്യവാങ്മൂലം നൽകിയത്.
സർക്കാറിന്റെ ഒരു ശാഖക്ക് അവരിൽ നിക്ഷിപ്തമല്ലാത്ത അധികാരങ്ങൾ കവർന്നെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചിയിച്ചുള്ള സുപ്രീംകോടതിയുടെ മുൻ ഉത്തരവ് വഴിയൊരുക്കുമെന്നും അതുവഴി അധികാരവിഭജനത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഒരു വിഷയത്തിൽ പൂർണ നീതി ഉറപ്പാക്കുന്നതിനായി സുപ്രീംകോടതിക്ക് പരമോന്നത അധികാരം നൽകുന്ന അനുച്ഛേദം 142 ഉപയോഗിച്ചു പോലും ഭരണഘടന ഭേദഗതി ചെയ്യാനോ ഭരണഘടനാ നിർമാതാക്കളുടെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുവാനോ കഴിയില്ല.
ഉന്നത സ്ഥാനത്തിരിക്കുന്ന ഗവർണർ ഓഫിസിനെ കീഴ് ഓഫിസായി ഇകഴ്ത്തുന്നത് ന്യായീകരിക്കാൻ കഴിയില്ല. രാഷ്ട്രപതിയുടെയും ഗവർണറുടെയും ഓഫിസുകൾ ജനാധിപത്യ ഭരണത്തിന്റെ ഉയർന്ന ആദർശങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. രാഷ്ട്രപതിയുടെ റഫറൻസ് നിലനിൽക്കില്ലെന്നു കാട്ടി കേരളവും തള്ളിക്കളയണമെന്നാവശ്യപ്പെട്ട് തമിഴ്നാടും സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
വിഷയം ചൊവ്വാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കാത്തതിനെതിരെ തമിഴ്നാട് നൽകിയ ഹരജിയിൽ ഏപ്രിൽ എട്ടിനാണ് സമയപരിധി നിശ്ചിയിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.