ഉത്തരകാശി (ഉത്തരാഖണ്ഡ്): മിന്നൽ വേഗത്തിൽ പ്രളയവും മലയിടിച്ചലുമായി രാജ്യത്തെ ഞെട്ടിച്ച ഉത്തര കാശിയിലെ ധാരാലി ദുരന്തത്തിന്റെ കാരണം തേടി വിദഗ്ധ സംഘം. മരണ സംഖ്യയും കണാതായവരുടെ എണ്ണവും കണക്കാക്കാൻ കഴിയാതെ രക്ഷാദൗത്യം തുടരുമ്പോൾ മേഘവിസ്ഫോടനമോ അതോ ഹിമതാപമോ, പർവതമുകളിലെ മഞ്ഞു തടാകം പൊട്ടിയതോ കാരണമെന്ന അന്വേഷണത്തിലാണ് വിദഗ്ധർ. നിലവിൽ നാല് മരണമാണ് സ്ഥിരീകരിക്കുന്നത്.
ദുരന്തബാധിത മേഖലകളിൽ നിന്നും 130ഓളം പേരെ രക്ഷാ പ്രവർത്തകർ ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. കാണാതായ ഒമ്പത് സൈനികർ ഉൾപ്പെടെ മണ്ണിനും തകർന്ന കെട്ടിടങ്ങൾക്കുമടിയിൽ പെട്ട 100ഓളം പേർക്കായി പ്രതികൂല കാലാവസ്ഥയിലും രക്ഷാദൗത്യം തുടരുന്നതിനിടെയാണ് കാരണങ്ങളിലേക്ക് വിദഗ്ധർ അന്വേഷണം ആരംഭിച്ചത്.
പ്രളയത്തിനോ മേഘവിസ്ഫോടനത്തിനോ കാരണമാകും വിധം കഴിഞ്ഞ 24 മണിക്കൂറിൽ മേഖലയിൽ ശക്തമായ മഴലഭിച്ചിട്ടില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. ഏറ്റവും കൂടുതൽ മഴ പെയ്ത ഉത്തരകാശിയിൽ 27 മില്ലീമീറ്ററായിരുന്നു അളവ്. ഹർസിലിൽ 6.5 എം.എമ്മും, ഭട്വാരിയിൽ 11 എം.എമ്മും രേഖപ്പെടുത്തി. ദുരന്തത്തിന് 24 മണിക്കൂർ സമയത്തിൽ മിന്നൽ പ്രളയത്തിനുള്ള ശേഷിയിലേക്ക് മഴലഭിച്ചിട്ടില്ല. ഇത് മേഘവിസ്ഫോടനമാണ് കാരണമെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നു.
ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തതിൽ മേഖലയിൽ രണ്ട് മഞ്ഞു തടാകങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായി പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ രോഹിത് താപ്ലിയിൽ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചെറിയ കുളങ്ങൾ മുതൽ വലിയ ജലസംഭരണികൾ വരെയായി ഉത്തർഖണ്ഡിൽ 1200 മഞ്ഞു തടാകങ്ങളാണുള്ളത്. ഇവയിൽ 13 എണ്ണം ഉയർന്ന അപകടസാധ്യതയുള്ളതായി ദേശീയ ദുരന്ത വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. മഞ്ഞുമലമുകളിലെ ഹിമപാതമായിരിക്കാം ദുരന്തത്തിലേക്ക്‍ വഴിവെച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
മഞ്ഞുതടാകങ്ങൾ പൊട്ടി മിന്നൽ വേഗത്തിൽ വെള്ളമെത്തുന്നത് മേഘവിസ്ഫോടനത്തിന് സമാനമായ പ്രകൃതി ദുരന്തത്തിന് വഴിയൊരുക്കുമെന്നും ഗവേഷകർ പറയുന്നു. 2021ൽ ചമോലിയിൽ സമാനമായ ദുരന്തമായിരുന്നുവെന്നും ചൂണ്ടികാട്ടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രക്ഷാ ദൗത്യത്തിന് സേനാ വിഭാഗങ്ങളും അർധസേനകളും എത്തിയിട്ടുണ്ടെങ്കിലും ബുധനാഴ്ച രാവിലെയും തിരച്ചിലിൽ കാര്യമായ പുരോഗതിയില്ല. പ്രതികൂലമായ കാലാവസ്ഥയാണ് തിരച്ചിലിന് വെല്ലുവിളിയായി തുടരുന്നത്. ചൊവ്വാഴ്ച ദുരന്തം നടന്ന് 10 മിനിറ്റിനുള്ളിൽ സൈന്യം 150ഓളം പേരെ രക്ഷാദൗത്യത്തിനായി എത്തിച്ചിരുന്നു. ഗംഗാ നദിയുടെ ഉത്ഭവ സ്ഥാനമായ ഗംഗോത്രിയിലേക്കുള്ള വഴിയിലാണ് ധാരാലി പർവത ഗ്രാമങ്ങൾ.
സമുദ്രനിരപ്പില്‍നിന്ന് 8,600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയായ ധരാലിയിലെ വീടുകളും റെസ്‌റ്റോറന്റുകളുമുള്‍പ്പെടെ കെട്ടിടങ്ങൾ നിറഞ്ഞ മേഖലയാണ്. പ്രദേശത്തിന്റെ പകുതിയോളം ഭാഗം മലവെള്ളപ്പാച്ചിലിൽ തകർന്നടിഞ്ഞതായാണ് വിലയിരുത്തൽ. മൂന്ന് മുതൽ നാല് നില കെട്ടിടങ്ങൾ വരെ ദുരന്തത്തിനിരയായതായി വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
അഞ്ച് ദേശീയ പതാകൾ ഉൾപ്പെടെ 163 റോഡുകളും തകർന്നു. തലസ്ഥാനമായ ഡെറാഡൂണിൽ നിന്നും 140 കിലോമീറ്റർ അകലെയുള്ള ദുരന്തസ്ഥലത്തേക്ക് റോഡ് മാർഗം എത്തിച്ചേരാൻ പ്രയാസപ്പെടുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ സൈന്യം, ഐ.ടി.ബി.പി, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ഉൾപ്പെടെ സംഘങ്ങളാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
ആന്ധ്രപ്രദേശ് സന്ദർശനത്തിലായിരുന്ന മുഖ്യമന്ത്രി പുഷ്‍കർ സിങ് ദാമി യാത്ര വെട്ടിക്കുറച്ച് ചൊവ്വാഴ്ച തന്നെ സംസ്ഥാനത്ത് തിരികെയെത്തി. ബുധനാഴ്ച രാവിലെ ഹെലികോപ്റ്റർ മാർഗം മുഖ്യമന്ത്രി ഉത്തരകാശിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.