ഹമീദിയ ഹോസ്പിറ്റൽ ഭോപ്പാൽ
ഭാപ്പാൽ: ഭോപ്പാലിലെ പാരമ്പര്യമുള്ള ഹമീദിയ ഹോസ്പിറ്റലിന്റെ പേര് മാറ്റുന്നു. ഭോപ്പാൽ ഭരിച്ചിരുന്ന അവസാനത്തെ നവാബായിരുന്ന സർ ഹമിദുല്ല ഖാൻ സ്ഥാപിച്ചതാണ് എട്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ ആശുപത്രി. ഭോപ്പാൽ മുനിസിപ്പൽ കോർപറേഷനാണ് ഇതിനുള്ള പ്രമേയം പാസാക്കിയത്. നിർദേശം കമീഷണർക്ക് അയച്ചുകൊടുത്തു. ഇനി നടപടിക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ.
രണ്ടു വർഷത്തിലേറെയായി കോർപറേഷൻ ഈ ആവശ്യം ഉന്നയിക്കുകയാണ്. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇന്ത്യൻ യൂനിയനിൽ ചേരാതെ നിന്ന നവാബാണ് ഹമിദുല്ല ഖാനെന്നും അതിനാലാണ് പേരുമാറ്റം നിർദേശിക്കുന്നതെന്നും ഭരണസമിതി പറയുന്നു. അന്ന് ഹമിദുല്ലക്കെതിരെ ജനകീയപ്രക്ഷോഭം നടത്തിയാണ് ഭോപ്പാൽ ഇന്ത്യയുടെ ഭാഗമായതെന്നും ഇവർ വാദിക്കുനു.
എന്നാൽ ഈ നീക്കത്തെ പ്രതിപക്ഷം എതിർക്കുന്നു. തങ്ങളുമായി ചർച്ച ചെയ്യാതെ രഹസ്യ നീക്കമാണ് ഭരണകക്ഷി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഒരു ആശുപത്രി എന്നതിനപ്പുറം ഇതിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് ചരിത്രകാരൻമാർ പറയുന്നു. നീക്കത്തിനെതിരെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ ആശുപത്രിയുടെ പേര് പ്രിൺസ് ഓഫ് വെയിൽസ് കിങ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ എന്നായിരുന്നു.
എന്നാൽ 1949 ൽ നവാബ് ഹമീദുല്ല ഇന്ത്യൻ യൂനിയനിൽ ചേർന്നെന്നും അദ്ദേഹം തന്റെ ഭരണകാലത്തെ 300 സ്ഥാപനങ്ങൾ ഇന്ത്യക്ക് നൽകിയതായും പ്രാദേശിക ചരിത്രകാരനായ ഷാവാസ് ഖാൻ പറയുന്നു. അദ്ദേഹവും ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.
അടുത്തകാലത്ത് നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് റാണി കമലാപതി എന്നാക്കി മാറ്റിയിരുന്നു. ഭോപ്പാലിന്റെ പേര് ഭോജ്പാൽ എന്നാക്കണമെന്നും നിർദ്ദേശമുണ്ട്. രാജാ ഭോജ് ഭരിച്ചിരുന്നതിനാലാണത്രെ ഇങ്ങനെ പേരു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.