​'എന്നോട് ഒരു വാക്കുപോലും പറയാതെയാണ് അവൾ ഗോവയിൽ നിന്ന് പോയത്'; കർണാടകയിലെ ഗോകർണത്തിൽ കണ്ടെത്തിയ റഷ്യൻ യുവതിയുടെ ഭർത്താവ്

ബംഗളൂരു​: തന്നോട് ഒരു വാക്കുപോലും പറയാതെയാണ് ഭാര്യയും രണ്ട് പെൺമക്കളും ഗോവ വിട്ടതെന്ന് കർണാടകയിലെ ഗോകർണത്തിൽ കണ്ടെത്തിയ റഷ്യൻ യുവതിയുഡെ ഭർത്താവ് ദ്രോർ ഗോൾഡ്സ്റ്റീൻ. ഇയാൾ ഇസ്രായേൽ പൗരനാണ്.

​''ഞങ്ങളൊരുമിച്ച് ഏഴുമാസം ഇന്ത്യയിലുണ്ടായിരുന്നു. അതിനു ശേഷം യുക്രെയ്നിലേക്ക് പോയി. നാലുവർഷമായി ആറും അഞ്ചും വയസുള്ള പെൺമക്കളെ കാണാൻ ഇന്ത്യയിൽ വരുന്നുണ്ട്​''-ഗോൾഡ്സ്റ്റീൻ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കുറച്ചുമാസങ്ങൾക്ക് മുമ്പ് നിന ഒന്നും പറയാതെ ഗോവ വിട്ടതെന്നും അവർ എവിടെയാണെന്ന് അറിയില്ലായിരുന്നുവെന്നും ഗോൾഡ്സ്റ്റീൻ വ്യക്തമാക്കി. നിനയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. ​''മക്കളെ കാണാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നിരുന്നത്. എന്നാൽ മക്കൾക്കൊപ്പം കുറച്ചുസമയം മാത്രമേ ചെലവഴിക്കാൻ നിന അനുവദിക്കാറുണ്ടായിരുന്നുള്ളൂ. അവൾ ശരിക്കും നന്നായി ബുദ്ധിമുട്ടിച്ചു. മക്കളെ കാണണം. അവരുടെ സംരക്ഷണം ഏറ്റെടുക്കണം''-ഗോൾഡ്സ്റ്റീൻ പറഞ്ഞു.

എല്ലാമാസവും നല്ലൊരു സംഖ്യ നിനക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നും ഗോൾഡ്സ്റ്റീൻ അവകാശപ്പെട്ടു. മക്കളെ റഷ്യയിലേക്ക് നാടുകടത്തുന്നത് തടയാനാവുന്നത് ചെയ്യും. അ​വരെ കൊണ്ടുപോയാൽ പിന്നെ തനിക്ക് കാണാൻ പോലും സാധിക്കില്ലെന്നും ഗോൾഡ്സ്റ്റീൻ കൂട്ടിച്ചേർത്തു.

ഗോകർണത്തിലെ ഗുഹയിൽ താമസിക്കുകയായിരുന്നു നിന കുറ്റിന എന്ന റഷ്യൻ യുവതിയും രണ്ട് മക്കളും. വിസ കാലാവധി കഴിഞ്ഞിട്ടും ഇവർ ഇന്ത്യയിൽ തുടരുകയാണ്. കർണാടകയിലെത്തുന്നതിന് മുമ്പ് ഗോവയിലായിരുന്നു ഇവർ. ഗോവയിലെ ഗുഹയിൽ വെച്ചാണ് രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചത്. ഗോകർണയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് നിന കുറ്റിനയെയും പെൺമക്കളെയും ഒരു ഗുഹക്കുള്ളിൽ താമസിക്കുന്നതായി കണ്ടെത്തിയത്. ജൂലൈ 11നായിരുന്നു അത്. നിനയെയും മക്കളെയും റഷ്യയിലേക്ക് നാടുകടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ഏകദേശം ഒരു മാസമെടുക്കും. ഗോകർണയിൽ താമസിച്ചിരുന്ന രണ്ട് പെൺമക്കൾക്ക് പുറമേ നിനക്ക് റഷ്യയിൽ മറ്റൊരു കുട്ടി കൂടി ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ആത്മീയത തേടിയാണ് ഗോവയിൽ നിന്ന് താനും മക്കളും ഗോകർണത്തിലെത്തിയത് എന്നാണ് നിന പൊലീസിനോട് പറഞ്ഞത്. ധ്യാനത്തിനും പ്രാർഥനക്കും പറ്റിയ അന്തരീക്ഷമായതിനാലാണ് കാട്ടിൽ തുടരാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ബിസിനസ് വിസയിലാണ് നിന ഇന്ത്യയിലെത്തിയതെന്നും അതിന്റെ കാലാവധി കഴിഞ്ഞതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Husband Of Russian Woman Found Living In Karnataka Cave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.