ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സുപ്രീംകോടതി സിറ്റിങ് ജഡ്ജി ജസ്റ്റിസ് ദീപാങ്കർ ദത്ത നടത്തിയ രൂക്ഷമായ വിമർശനത്തിനെതിരെ ഇൻഡ്യ. രാഹുൽ ഗാന്ധിക്കെതിരെ ജസ്റ്റിസ് ദീപാങ്കർ ദത്ത നടത്തിയത് രാഷ്ട്രീയപാർട്ടികളുടെ ജനാധിപത്യ അവകാശങ്ങളിന്മേലുള്ള അനാവശ്യവും അസാധാരണവുമായ നിരീക്ഷണമാണെന്ന് ഇൻഡ്യ നേതാക്കൾ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.
ദേശീയ താൽപര്യമുള്ള വിഷയങ്ങളിൽ പ്രതികരിക്കുകയെന്നത് രാഷ്ട്രീയ പാർട്ടികളുടെ, വിശേഷിച്ചും പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ കൺമുന്നിൽ സർക്കാർ പരാജയപ്പെടുന്നത് കാണുമ്പോൾ സർക്കാറിനെ ഉത്തരവാദിത്തത്തെക്കുറിച്ച് ഓർമിപ്പിക്കേണ്ടത് ഓരോ പൗരന്റെയും ധാർമിക ബാധ്യതയാണെന്നും ഇൻഡ്യ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഒരാൾ ശരിയായ ഇന്ത്യക്കാരനാണോ എന്ന് ഒരു ജഡ്ജിക്ക് തീരുമാനിക്കാനാവില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. 2020ലെ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ദേശസ്നേഹികളായ എല്ലാ ഇന്ത്യക്കാരും ചൈനയുടെ അധിനിവേശം സംബന്ധിച്ച് സർക്കാറിൽനിന്ന് ഉത്തരം തേടിയിട്ടുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ചൈനയുമായുള്ള സംഘർഷത്തിൽ ‘നിഷേധിക്കുക, ശ്രദ്ധ തിരിക്കുക, കള്ളം പറയുക, ന്യായീകരിക്കുക’ എന്ന നയത്തിലൂടെ മോദി സർക്കാർ സത്യം മറച്ചുവെക്കാനും മറക്കാനുമാണ് തീരുമാനിച്ചതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
2020 ജൂണില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനീസ് സൈനികർ ഇന്ത്യൻ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെയാണ് കടുത്ത ഭാഷയിൽ ജസ്റ്റിസ് ദത്ത വിമർശിച്ചത്. നേരത്തേ രാഹുൽ ഗാന്ധി സവർക്കർക്കെതിരെ നടത്തിയ പരാമർശത്തെയും വിമർശിച്ചിരുന്ന ജസ്റ്റിസ് ദത്ത വീണ്ടുമിതാവർത്തിച്ചാൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.