ന്യൂഡൽഹി: സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ രംഗത്തിറക്കാനാനൊരുങ്ങി ഇൻഡ്യ സഖ്യം. സ്ഥാനാർഥിയെ കണ്ടെത്താനും സമവായമുണ്ടാക്കാനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശ്രമം തുടങ്ങി. ഫലം എന്തുതന്നെയായാലും ശക്തമായ രാഷ്ട്രീയ സന്ദേശം നൽകാൻ മത്സരിക്കണമെന്ന അഭിപ്രായമാണ് പ്രതിപക്ഷ പാർട്ടികൾക്ക്. ഇന്ന് ഇൻഡ്യ സഖ്യ എം.പിമാർക്കായി ഖാർഗെ അത്താഴവിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. സ്ഥാനാർഥിയെക്കുറിച്ച് ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും ഇൻഡ്യ സഖ്യ നേതാക്കൾ പിന്നാമ്പുറ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. സംയുക്ത സ്ഥാനാർഥിയെ നിർത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു ശേഷം തങ്ങളുടെ സ്ഥാനാർഥിയെ തീരുമാനിച്ചാൽ മതിയെന്നാണ് പ്രതിപക്ഷ ക്യാമ്പിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിലും വോട്ട് കൊള്ള വിഷയത്തിലും ഘടകകക്ഷികൾക്കിടയിൽ ഐക്യം വർധിച്ചുവരുന്ന സമയത്താണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം വോട്ട് കൊള്ള വിഷയം വിശദീകരിക്കാൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ ഇൻഡ്യ സഖ്യ നേതാക്കൾക്കായി അത്താഴവിരുന്ന് ഒരുക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ, 2024 ജൂണിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചക്കു ശേഷം ഇതാദ്യമായാണ് പ്രതിപക്ഷ കൂട്ടായ്മയിലെ ഉന്നത നേതാക്കളുടെ കൂടിക്കാഴ്ച. ഖാർഗെ, സോണിയ ഗാന്ധി, ശരദ് പവാർ, ഫാറൂഖ് അബ്ദുല്ല, ഹബൂബ മുഫ്തി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, അഭിഷേക് ബാനർജി, ഉദ്ധവ് താക്കറെ, തിരുച്ചി ശിവ, ടി. ആർ. ബാലു, എം.എ. ബേബി, ഡി. രാജ തുടങ്ങി 25 പാർട്ടികളിൽനിന്നുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തത് ഇൻഡ്യ സഖ്യത്തിന് പുത്തൻ ഉണർവേകിയിട്ടുണ്ട്. ഏറ്റവും വിജയകരമായ യോഗമെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഈ കൂട്ടായ്മയെ വിശേഷിപ്പിച്ചത്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നില്ലെന്നും അതിന് മറ്റ് അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ്നാലിനാണ് ആരോഗ്യപരമായ കാരണം പറഞ്ഞ് ജഗ്ദീപ് ധൻഖർ അപ്രതീക്ഷിതമായി ഉപരാഷ്ര്ടപതിസ്ഥാനം രാജിവെച്ചത്.
ജയിക്കാൻ വേണ്ടത് 391 വോട്ടുകൾ
ന്യൂഡൽഹി: 391 വോട്ടുകൾ നേടിയാൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയിക്കാം. ലോക്സഭയുടെയും രാജ്യസഭയുടെയുംഅംഗബലം 781 ആണ്. നാമനിർദേശം ചെയ്ത അംഗങ്ങളുൾപ്പെടെ ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. എൻ.ഡി.എക്കു ഏകദേശം 422 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കഴിഞ്ഞ വ്യാഴാഴ്ച പറപ്പെടുവിച്ചിരുന്നു. റിട്ടേണിങ് ഓഫിസറായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദിക്ക് മൂന്ന് നാമനിർദേശ പത്രികകൾ ലഭിച്ചിരുന്നു. എന്നാൽ, ക്രമത്തിലല്ലാത്തതിനാൽ നിരസിച്ചു. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്. ആഗസ്റ്റ് 22ന് സൂക്ഷ്മമായി പരിശോധിക്കും. പിൻവലിക്കാനുള്ള അവസാന തീയതി 25 ആണ്.
ഇടക്കാല തെരഞ്ഞെടുപ്പാണെങ്കിലും ജയിക്കുന്ന വ്യക്തിക്ക് അഞ്ച് വർഷത്തെ മുഴുവൻ കാലാവധിയും ലഭിക്കും. 35 വയസ്സ് പൂർത്തിയാക്കിയ, രാജ്യസഭാംഗമാകാൻ യോഗ്യതയുള്ള ഇന്ത്യൻ പൗരന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.