ന്യൂഡൽഹി: 2036 ഒളിമ്പിക്സ് വേദിയൊരുക്കാൻ അരയും തലയും മുറുക്കി പുറപ്പെടുന്ന ഇന്ത്യയുടെ കായിക ലോകം ഉടച്ചുവാർക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്ര സർക്കാർ പുതിയ ദേശീയ കായിക ഭരണ ബില്ലുമായി രംഗത്തെത്തുന്നത്. വോട്ട്കൊള്ളക്കെതിരായ പ്രക്ഷോഭവുമായി പ്രതിപക്ഷ അംഗങ്ങൾ തിരക്കിലായ ലോക്സഭയിൽ തിങ്കളാഴ്ച തിരക്കിട്ട് പാസാക്കിയ ദേശീയ കായിക ബില്ലിൽ ഒരുപിടി നേട്ടങ്ങൾക്കൊപ്പം ചില കെണികളും ഒളിച്ചിരിക്കുന്നുണ്ട്.
രാജ്യത്തെ കായിക സംവിധാനങ്ങളിൽ സമൂലമായ പൊളിച്ചെഴുത്തെന്ന് അവകാശപ്പെട്ടാണ് കേന്ദ്രസർക്കാർ കായിക ഭരണ ബിൽ ലോക്സഭ കടത്തിയത്. കായിക സംഘാടനത്തിൽ സുതാര്യത, കായിക താരങ്ങളുടെ കേക്ഷമം, തർക്ക പരിഹാരങ്ങൾക്ക് ദേശീയ സ്‌പോർട്‌സ് ട്രിബ്യൂണൽ ഉൾപ്പെടെ ബിൽ വഴി കേന്ദ്രം മുന്നോട്ട് വെക്കുന്നു.
എന്നാൽ, വിവിധ സംസ്ഥാനങ്ങളും, നിരവധി ഫെഡറേഷനുകളുമായി വികേന്ദ്രീകൃത സ്വഭാവമുള്ള കായിക ഭരണത്തെ പൂർണമായും കൈപ്പിടയിലൊതുക്കുകയെന്ന അജണ്ടയാണ് ബില്ലിന് പിന്നിലെന്നാണ് പ്രധാന വിമർശനം. ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ വിഷയമായ കായിക ഭരണത്തെ പൂർണമായും കൈപ്പിടിയിലൊതുക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി രുപീകരിക്കുന്ന ദേശീയ കായിക ബോർഡ് (എൻ.എസ്.ബി), തർക്കപരിഹാരത്തിനുള്ള അർധ ജുഡീഷ്യൽ സ്വഭാവമുള്ള ട്രിബ്യൂണൽ എന്നിവ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതാണ്. സംസ്ഥാന കായികവകുപ്പിന്റെ പ്രസക്തിതന്നെ ഇല്ലാതാകുമെന്നതും ആശങ്കപ്പെടുത്തുന്നു. സ്‌പോർട്‌സ് ഫെഡറേഷനുകളുടെ സ്വയം ഭരണാധികാരത്തിനും അവസാനമാകും.
കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ
കേരളത്തിൽ സ്‌പോർട്‌സ് കൗൺസിൽ ഉൾപ്പെടെ കായിക ഭരണ സംവിധാനങ്ങളും അപ്രസക്തമായി മാറും. ടീം തെരഞ്ഞെടുപ്പിൽപോലും ഇടപെടാനുള്ള അധികാരം കേന്ദ്രത്തിന് നൽകുന്നതാണ് പുതിയ ബിൽ.
എൻ.എസ്.ബി ചെയർപേഴ്‌സൺ, അംഗങ്ങൾ, ട്രിബ്യൂണൽ ചെയർമാൻ, അംഗങ്ങൾ തുടങ്ങിയവരുടെ നിയമനവും നിയന്ത്രണവും പൂർണമായും കേന്ദ്രസർക്കാറിനാവും. ഫെഡറേഷനുകൾക്ക് അംഗീകാരം നൽകൽ, റദ്ദാക്കൽ, സസ്‌പെൻഡ് ചെയ്യൽ തുടങ്ങിയ അധികാരങ്ങളുള്ള എൻ.എസ്.ബിയിൽ കേന്ദ്രം രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയാണ് നിയമനങ്ങൾ നടത്തുക.
ഇന്ത്യയിലെ ഏറ്റവും വലിയ കായിക സംഘടനയായ ബി.സി.സി.ഐയും ദേശീയ സ്‌പോർട്‌സ് ബോർഡിനു (എൻ.എസ്.ബി) കീഴിലായി മാറും. എല്ലാ ഫെഡറേഷനുകളെയും വിവരാവകാശ പരിധയിൽ ഉൾപ്പെടുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും, ബി.സി.സി.ഐയെ ഈ പരിധിയിൽ നിന്ന് ഒഴിവാക്കികൊണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപനമുണ്ടായിരുന്നു. സർക്കാർ ഫണ്ടോ, ഗ്രാൻഡോ ലഭിക്കുന്ന ഫെഡറേഷനുകൾ മാത്രമേ വിവരാവശാ പരിധിയിൽ വരൂ എന്നാണ് പുതിയ നിർദേശം.
അർധ ജുഡീഷ്യൽ സ്വഭാവമുള്ള സ്‌പോർട്‌സ് ട്രിബ്യൂണലിന്റെ ഉത്തരവുകളെ സുപ്രീം കോടതിയിൽ മാത്രമായിരിക്കും ചോദ്യം ചെയ്യാൻ കഴിയുകയെന്നതാണ് മറ്റൊരു നിർദേശം.
ദേശീയ ഫെഡറേഷൻ ഭാരവാഹികൾക്ക് പ്രായത്തിലും ടേമിലും നിയന്ത്രണങ്ങളും നിർദേശിക്കുന്നു. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ പദവികളിൽ തുടർച്ചയായി മൂന്ന് തവണ മാത്രമേ അധികാരത്തിലിരിക്കാൻ കഴിയൂ. ഒരു ടേം നാലു വർഷം നീണ്ടതാകും. ശേഷം, കൂളിങ് ഓഫ് പിരീഡിനു ശേഷം വീണ്ടും സ്ഥാനമേൽക്കുന്നതിൽ തടസ്സമില്ല. പരമാവധി പ്രായം 70 വയസ്സായി നിയന്ത്രിക്കും. എന്നാൽ, സ്ഥാനമേറ്റ ശേഷമാണ് 70ലെത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.