ലഖ്നോ: മതപരിവർത്തനം നടത്താതെയുള്ള മിശ്ര വിവാഹങ്ങൾ നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈകോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആര്യസമാജ് ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിപ്പിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
പെൺകുട്ടിയെ വിവാഹംചെയ്ത സോനു എന്ന സഹ്നൂർ ആണ് ഹരജി നൽകിയത്. താൻ പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നും ഇപ്പോൾ അവർക്ക് 18 വയസ് പൂർത്തിയായെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും സോനുവിന്റെ ഹരജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ തനിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആര്യസമാജത്തിൽ വെച്ച് വിവാഹം കഴിപ്പിച്ചതിന്റെ വിവാഹ സർട്ടിഫിക്കറ്റ് നിയമങ്ങൾ പാലിച്ചുള്ളതല്ലെന്നു കാണിച്ച് ജസ്റ്റിസ് പ്രശാന്ത് കുമാർ ഹരജി തള്ളി. പരാതിക്കാരന് എതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കാനും കോടതി വിസമ്മതിച്ചു. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു എന്നാണ് പരാതി.
നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ, വിവേചനരഹിതമായി വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്ന ആര്യസമാജ ക്ഷേത്രങ്ങൾ പോലുള്ള സ്ഥാപനങ്ങളെയാണ് വിധി ലക്ഷ്യമിടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം നടപടികൾ നിയമലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. മതംമാറ്റം നടത്താതെ മിശ്രവിവാഹിതരായ ദമ്പതികൾക്ക് വിവാഹസർട്ടിഫിക്കറ്റ് നൽകിയതിന് ആര്യസമാജത്തിനെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി പോക്സോ നിയമപ്രകാരം നിച്‍ലാവുൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ പെൺകുട്ടിയെ താൻ ആര്യ സമാജ് ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തുവെന്നും ഇപ്പോൾ പ്രായപൂർത്തിയായെന്നും തനിക്കെതിരായ ക്രമിനൽ നടപടികൾ ഒഴിവാക്കണമെന്നുമാണ് ഹരജിക്കാരന്റെ വാദം. എന്നാൽ മതംമാറ്റം നടത്താതെയുള്ള മിശ്രവിവാഹങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും കോടതി വാദിച്ചു. നിയമാനുസൃതമായല്ല ഈ വിവാഹം നടന്നിരിക്കുന്നത്.മാത്രമല്ല, വിവാഹം നടക്കുമ്പോൾ രണ്ടുപേരും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരായിരുന്നുവെന്നും കോടതി വ്യക്തമാക്കി. നിയമവശങ്ങൾ പാലിക്കാതെ നിരവധി ആര്യസമാജ് സ്ഥാപനങ്ങൾ ഇത്തരത്തിൽ വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്നതായും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.