ബംഗളൂരു: മൈസൂരു നഗരത്തെ ഞെട്ടിച്ച് വൻ മയക്കുമരുന്നുവേട്ട. കോടികളുടെ രാസ ലഹരി നിർമാണം നടക്കുന്ന യൂനിറ്റ് പൊലീസ് പിടിച്ചെടുത്തു. മൈസൂരു റിങ് റോഡിലെ മോട്ടോർ ഗാരേജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് മാഫിയയെയാണ് മഹാരാഷ്ട്ര ആന്റി നാർക്കോട്ടിക്സ് സ്ക്വാഡും മൈസൂരു സിറ്റി പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ പിടികൂടിയത്. പിടിയിലായ നാല് പ്രതികളിൽ രണ്ടു പേർ മൈസൂരു സ്വദേശികളും മറ്റു രണ്ടു പേർ മുംബൈ സ്വദേശികളുമാണ്. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
നിർമാണ യൂനിറ്റിൽനിന്ന് കോടികൾ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. 13 കിലോ എം.ഡി.എം.എയും നിർമാണം അവസാന ഘട്ടത്തിലായ 50 കിലോ മയക്കുമരുന്നും പിടിച്ചെടുത്തവയിൽപെടും. നരസിംഹരാജ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെലവട്ടയിലെ റിങ് റോഡ് സർവിസ് ലെയ്നിൽ ഒരു വാഹന ഗാരേജിലായിരുന്നു മയക്കുമരുന്ന് നിർമാണ യൂനിറ്റ് പ്രവർത്തിച്ചിരുന്നത്. വിവിധ രാസ പദാർഥങ്ങൾ തിളപ്പിച്ച് ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന് നിർമിക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. കർണാടകയിൽ ആദ്യമായാണ് ഇത്തരത്തിൽ വൻ മയക്കുമരുന്നുവേട്ട നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര ആന്റി നാർക്കോട്ടിക്സ് സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒര സംഘം മൈസൂരുവിലേക്ക് തിരിക്കുകയായിരുന്നു. മൈസൂരുവിലെത്തി മൈസൂരു പൊലീസിന്റെ സഹകരണത്തോടെയായിരുന്നു റെയ്ഡ്.
നിർമാണ യൂനിറ്റായി പ്രവർത്തിച്ചിരുന്ന ഗാരേജിന്റെ മുൻവശം സാധാരണ പോലെ ഗാരേജായിത്തന്നെയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, ഇതിന്റെ പിൻവശത്ത് അടച്ചിട്ട ഭാഗത്തായിരുന്നു രാസലഹരി ഉൽപാദനം നടന്നിരുന്നത്. മെസൂരുവിൽ പിടിച്ചെടുത്ത മയക്കുമരുന്ന് ദ്രാവക രൂപത്തിലുള്ളതാണെന്നും ഇത് ഗുളിക രൂപത്തിലാക്കിയും പൊടി രൂപത്തിലാക്കിയുമാണ് വിപണിയിലേക്ക് എത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ദ്രവ രൂപത്തിലൂള്ള മയക്കുമരുന്ന് എവിടെവെച്ചാണ് ഇത്തരത്തിൽ മാറ്റം വരുത്തിയിരുന്നതെന്ന കാര്യം അന്വേഷിച്ചുവരികയാണ്. ഇതിനായി മൈസൂരുവിലോ മറ്റെവിടെയെങ്കിലുമോ യൂനിറ്റ് പ്രവർത്തിക്കുന്നുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.
ബംഗളൂരുവിൽ മയക്കുമരുന്ന് വേട്ട ശക്തമാണെന്നതാണ് മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മയക്കുമരുന്ന് സംഘം തീരുമാനിച്ചതെന്നറിയുന്നു. പൊതുവെ ശാന്തമായ നഗരത്തിൽ നിരവധി ടൂറിസ്റ്റുകൾ വന്നുപോകുന്നതിനാൽ സംശയരഹിതമായ ഇടപാടിനും സംഘം സാധ്യത കണ്ടെത്തി. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കും അടക്കം മയക്കുമരുന്ന് കടത്താൻ മൈസൂരുവിൽനിന്ന് എളുപ്പമാണെന്നതും തിരിച്ചറിഞ്ഞാണ് പ്രതികൾ മൈസൂരു താവളമാക്കിയത്.
സംഭവത്തിൽ മൈസൂരു നരസിംഹരാജ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിടിയിലായ മൈസൂരു സ്വദേശികളുടെ പ്രാദേശിക ബന്ധവും ഇവർക്ക് ലഭിച്ച സഹായത്തെ കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഗാരേജ് ഉടമ അടക്കമുള്ളവരെയും വൈകാതെ ചോദ്യം ചെയ്യും. ഭൂവുടമയുടെ അറിവോടെയാണോ മയക്കുമരുന്ന് നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന സംശയവും പൊലീസ് അന്വേഷണ വിധേയമാക്കും.
മൈസൂരുവിൽ മയക്കുമരുന്ന് നിർമാണം നടന്നിരുന്ന ഗാരേജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.