കൊൽക്കത്ത: ബംഗാളി കുടിയേറ്റക്കാരോടുള്ള പീഡനങ്ങളിൽ മഴ നനഞ്ഞ് പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മഴ നനഞ്ഞ് മൂന്ന് കിലോമീറ്ററുകളോളമാണ് മമതയും കൂട്ടരും നടന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ബംഗാളികൾക്കു നേരെ പീഡനം. അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുത്തു. 'ബി.ജെ.പി നാണക്കേട്' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇനിയും ബംഗാളികളെ അനുകൂലിച്ച് സംസാരിക്കുമെന്നും മമത വ്യക്തമാക്കി.
''ബംഗ്ലാദേശികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്ത് തടവിലിടണമെന്ന് ബി.ജെ.പി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിജ്ഞാപനം ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചിട്ടുണ്ട്. ആ വിജ്ഞാപനത്തെ ഞങ്ങൾ ചോദ്യം ചെയ്യും. ബംഗാളി സംസാരിക്കുന്ന എല്ലാവരെയും നിങ്ങളെങ്ങനെ ജയിലിലടക്കും. എന്താണ് ബി.ജെ.പി വിചാരിച്ചിരിക്കുന്നത്? ബംഗാളികളെ പീഡിപ്പിക്കാമെന്നാണോ? അവർ ബംഗാളികളെ റോഹിങ്ക്യകളെന്നാണ് വിളിക്കുന്നത്. റോഹിങ്ക്യകൾ ഇവിടെയല്ല, മ്യാൻമറിലാണ്. 22 ലക്ഷം വരുന്ന പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെയാണ് ഇങ്ങനെ വേട്ടയാടുന്നത്. അവരെല്ലാം സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് അഭ്യർഥിക്കുകയാണ്. ''-മമത പറഞ്ഞു.
ഒഡീഷയിൽ ബംഗ്ലാദേശികളെന്ന് സംശയിക്കുന്ന 444പേരെ തടഞ്ഞുവെച്ചിരുന്നു. എന്നാൽ ഇവരിൽ 200 പേർ ബംഗാളിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്നാണ് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടത്.
പശ്ചിമ ബംഗാൾ സ്വദേശികൾക്ക് തിരിച്ചറിയൽ കാർഡുകളുണ്ടെന്നും അവർക്ക് കഴിവുള്ളതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നതെന്നും മമത ചൂണ്ടിക്കാട്ടി. അവരെ കൊണ്ട് പണിയെടുപ്പിക്കും. എന്നാൽ ബംഗാളി സംസാരിച്ചാൽ അറസ്റ്റ് ചെയ്യും. അതിന് ആരാണ് നിങ്ങൾക്ക് അധികാരം നൽകിയത്. ബംഗാൾ ഇന്ത്യയുടെ ഭാഗമല്ലേയെന്നും മമത ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.