ന്യൂഡൽഹി: 64 ലക്ഷം പേരെ പുറന്തള്ളി തെരഞ്ഞെടുപ്പ് കമീഷൻ കരട് വോട്ടർപട്ടിക ഇറക്കാൻ കേവലം മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ബിഹാറിലെ വോട്ടർ പട്ടിക തീവ്ര പരിശോധനക്കെതിരെയുള്ള ഹരജികൾ സുപ്രീംകോടതി ഇന്ന് കേൾക്കും. വോട്ടർമാർ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാനുള്ള രേഖകളുടെ കൂട്ടത്തിൽ ആധാർ, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾകൂടി ഉൾപ്പെടുത്താവുന്നതാണെന്ന സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് കമീഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹരജികൾ ഇന്ന് പരിഗണിക്കുന്നത്.
ബിഹാറിന് പിന്നാലെ കേരളം, ബംഗാൾ അടക്കം മുഴുവൻ സംസ്ഥാനങ്ങളിലും ‘വോട്ടർ പട്ടിക ശുദ്ധീകരണം’ നടത്തുമെന്ന് കമീഷൻ വ്യക്തമാക്കിയതിനാൽ സുപ്രീംകോടതി വിധി ഏറെ നിർണായകമാകും. സുപ്രീംകോടതി ഹരജി പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇൻഡ്യ സഖ്യം വാർത്തസമ്മേളനം വിളിച്ചും തെരഞ്ഞെടുപ്പ് കമീഷൻ വിശദമായ വാർത്താകുറിപ്പിറക്കിയും നിലപാടിൽനിന്ന് അണുവിട പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.
അപേക്ഷാ ഫോറങ്ങൾ വാങ്ങിയപ്പോൾതന്നെ 64 ലക്ഷം പേരെ പുറന്തള്ളിയ വോട്ടർപട്ടികയിൽനിന്ന് പൗരത്വരേഖകളുടെ സമർപ്പണ തിയതി കഴിയുന്നതോടെ കൂടുതൽ പേർ പുറത്താകുമെന്ന് അഭിഷേക് മനു സിങ്വിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യകക്ഷി നേതാക്കൾ ഞായറാഴ്ച വൈകീട്ട് വിളിച്ച വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പൗരത്വം പരിശോധിക്കാൻ ഭരണഘടനാപരമായ അവകാശമില്ലാത്ത കമീഷൻ അതിനായി കൈക്കൊണ്ടിരിക്കുന്ന നടപടിക്രമം ഭരണഘടനക്കും ജനപ്രാതിനിധ്യ നിയമത്തിനും പൗരത്വവുമായി ബന്ധപ്പെട്ട നിയമത്തിനും വിരുദ്ധമാണെന്ന് സിങ്വി ചൂണ്ടിക്കാട്ടി.
ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ പ്രക്രിയ റദ്ദാക്കണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ചുനിൽക്കുകയാണെന്നും കോടതി തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും സിങ്വി കൂട്ടിച്ചേർത്തു.
വോട്ടുകൾ വെട്ടിമാറ്റിയും കൂട്ടിച്ചേർത്തും ബി.ജെ.പിക്ക് ജയിക്കാൻ വേണ്ടി മാത്രമാണ് കമീഷൻ വോട്ടർ പട്ടിക തയാറാക്കുന്നതെങ്കിൽ അയൽപക്കമായ ബംഗ്ലാദേശിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പോലെ പ്രഹസനമായ ഒന്നായി ബിഹാർ തെരഞ്ഞെടുപ്പ് മാറുമെന്നും അത്തരമൊരു തെരഞ്ഞെടുപ്പിൽ ഭാഗഭാക്കാകുന്നതിൽ കാര്യമില്ലെന്നുമാണ് പാർട്ടി നേതാവ് തേജസ്വി യാദവ് പറയുന്നതെന്ന് ആർ.ജെ.ഡി രാജ്യസഭാ കക്ഷി നേതാവ് പ്രഫ. മനോജ് ഝാ ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യത്തിൽ വോട്ടു ബഹിഷ്കരിക്കേണ്ടി വരില്ലേ എന്ന ചോദ്യമാണ് ജനങ്ങൾക്ക് മുന്നിൽ തേജസ്വി യാദവ് ഉയർത്തുന്നത്. കരട് വോട്ടർ പട്ടികയിൽനിന്ന് പുറത്തായ 64 ലക്ഷം പേർക്ക് അപ്പീലിനുപോലും അവസരമില്ലെന്ന് മനോജ് ഝാ പറഞ്ഞു. സി.പി.എം നേതാവ് നീലോൽപൽ ബസു, സി.പി.ഐ (എം.എൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഞായറാഴ്ച വൈകുന്നേരം വരെ 7.24 കോടി (91.69 ശതമാനം) വോട്ടർമാർ പ്രത്യേക തീവ്ര പരിശോധന(എസ്.ഐ.ആർ) ഫോറങ്ങൾ പൂരിപ്പിച്ചു നൽകിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ജൂലൈ 25നുള്ളിൽ ഫോറങ്ങൾ നൽകാത്തവർ കരട് പട്ടികയിൽ നിന്ന് പുറത്തായി. അവശേഷിക്കുന്നവരിൽ 36 ലക്ഷം പേരെ (4.59 ശതമാനം) ബൂത്തുതല ഓഫിസർമാർക്ക് വീടുകളിൽ കണ്ടെത്താൻ കഴിയാത്തവരോ വീടുമാറിപ്പോയവരോ ആണ്. ഏഴുലക്ഷം പേർ (0.89 ശതമാനം) ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ളവരും 22 ലക്ഷം പേർ(2.83 ശതമാനം) മരിച്ചുപോയ വോട്ടർമാരും ആണെന്ന് കമീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇവരുടെ യഥാർഥ സ്ഥിതി ആഗസ്റ്റ് ഒന്നുമുതൽ 31 വരെ നടക്കുന്ന പൗരത്വ രേഖാ പരിശോധനയിൽ അറിയാമെന്ന് കമീഷൻ തുടർന്നു. കരട് പട്ടികയിൽ നിന്ന് വിട്ടുപോയവർക്ക് ഇക്കാലയളവിൽ തങ്ങളുടെ പേര് വോട്ടർപട്ടികയിൽ ചേർക്കാൻ കഴിയുമെന്നും അതിനായി പൗരത്വ രേഖകൾ അപേക്ഷക്കൊപ്പം സമർപ്പിക്കണമെന്നും കമീഷൻ കൂട്ടിച്ചേർത്തു.
വോട്ടർപട്ടിക പരിശോധനക്കുള്ള അപേക്ഷ ഫോറങ്ങളുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ കൃത്രിമം കാണിച്ചുവെന്ന് ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എ.ഡി.ആർ) സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഓരോ വീട്ടിലുമെത്തി ഓരോ വോട്ടർക്കും രണ്ട് ഫോറങ്ങൾ നൽകണമെന്നാണ് ജൂൺ 24നുള്ള കമീഷൻ ഉത്തരവ്. കമീഷൻ നിയോഗിച്ച ബൂത്തുതല ഓഫിസർമാർ പല വീടുകളിലുമെത്തിയിട്ടില്ല.
ബി.എൽ.ഒമാരെ കാണാതെ പലരും ഓൺലൈനിൽ അപേക്ഷ നൽകി. മരിച്ചവരുടെ പേരുകളിൽ ബി.എൽ.ഒമാർ ഫോറങ്ങൾ നൽകി- എ.ഡി.ആർ ചൂണ്ടിക്കാട്ടി. ഒരു മാർഗനിർദേശവുമില്ലാതെ ഒരാൾ വോട്ടറാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ(ഇ.ആർ.ഒ)ക്ക് നൽകിയതിലൂടെ ബിഹാറിലെ ലക്ഷക്കണക്കിന് വോട്ടർമാർ പട്ടികക്ക് പുറത്താകും. മരിച്ചുവെന്ന് ചൂണ്ടിക്കാട്ടി കമീഷൻ പട്ടികയിൽ നിന്ന് പുറന്തള്ളിയ മൂന്നുപേർ ജീവിച്ചിരിപ്പുള്ളതായി കണ്ടെത്തിയെന്ന് രാജ്യസഭാ എം.പി മനോജ് ഝാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.