ബംഗളൂരു: വോട്ടിങ് ക്രമക്കേടിൽ രാഹുൽ ഗാന്ധിയോട് തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്. ലോക്സഭ തെരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച് രാഹുൽ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് സമർപ്പിക്കാനാണ് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
രാഹുൽ പറഞ്ഞ ശകുൻ റാണി രണ്ട് തവണ വോട്ട് ചെയ്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. രാഹുൽ ഗാന്ധി പ്രദർശിപ്പിച്ച രേഖകൾ പോളിങ് ഓഫീസർ നൽകിയതല്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അതിനെ സാധൂകരിക്കുന്ന തെളിവുകൾ സമർപ്പിച്ചാൽ അന്വേഷണം നടത്താമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
നേരത്തെ വോട്ടർമാരെയും രാഷ്ട്രീയ പാർട്ടികളെയും ഞെട്ടിച്ച വെളിപ്പെടുത്തലിനു പിന്നാലെ, രാജ്യത്തെ ജനങ്ങളുടെ പിന്തുണ തേടി ‘വോട്ട് ചോരി’ പോർട്ടൽ ആരംഭിച്ച് ദേശവ്യാപക പ്രചരണത്തിന് കോൺഗ്രസ് തുടക്കം കുറിച്ചിരുന്നു. രാഹുൽ ഗാന്ധി എന്ന വെബ്സൈറ്റ് ഡൊമെയ്ന് അനുബന്ധമായി ‘വോട്ട് ചോരി’ പോർട്ടൽ ആരംഭിച്ചാണ് ജനങ്ങൾക്കിടയിലെ പ്രചാരണത്തിലേക്ക് കോൺഗ്രസ് ചുവടുവെച്ചത്.
ലോക്സഭ പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിന് രാജ്യത്തെ ജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് പിന്തുണ നൽകാനുള്ള അവസരവും ഒരുക്കുന്നുണ്ട്. https://rahulgandhi.in/awaazbharatki/votechori എന്ന വെബ്സൈറ്റ് വഴിയാണ് കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
വോട്ട് കൊള്ളയുടെ ഗുരുതരമായ വശങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സന്ദേശവും ഇതോടൊപ്പമുണ്ട്. ഏറ്റവും വലിയ തട്ടിപ്പിനാണ് തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും നേതൃത്വം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നടന്ന അട്ടിമറിയെ ഭരണഘനക്കെതിരായ കുറ്റകൃത്യമാണെന്നും രാഹുൽ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ പങ്കാളിത്തത്തോടെ ബി.ജെ.പിയുടെ ആസൂത്രിത ആക്രമണമാണ് നടത്തുന്നതെന്ന് രാഹുൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.