‘അവധിക്കാലം കഴിഞ്ഞ് മടങ്ങിയോ?’ -ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെ

ന്യൂഡൽഹി: ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പം ‘വോട്ടർ അധികാർ യാത്ര’യിലൂടെ ബിഹാറിനെ ഇളക്കിമറിച്ച തനിക്കെതിരെ ബി.ജെ.പി നടത്തുന്ന പ്രചാരണം ഏറ്റുപിടിച്ച മാധ്യമപ്രവർത്തകന് വായടപ്പൻ മറുപടി നൽകി രാഹുൽ ഗാന്ധി. ‘താങ്കൾ അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയോ?’ -എന്ന ചോദ്യത്തിന് ‘താങ്കൾ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുക​യാണോ’ എന്നാണ് രാഹുൽ മറുചോദ്യമുന്നയിച്ചത്. ഇന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തി മടങ്ങുംവഴിയായിരുന്നു രാഹുലിനോട് ‘ടൈംസ് നൗ’ ലേഖകന്റെ ചോദ്യം.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ രാഹുൽ ഗാന്ധിയുടെ ‘വോട്ടുചോരി’ പ്രചാരണം ജനങ്ങളിൽ ഏശിയെന്ന് വിലയിരുത്തിയതിനെ തുടർന്ന് ആശയക്കുഴപ്പം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിലേക്കിറങ്ങാൻ ബി​.ജെ.പി തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു.

വോട്ടുകൊള്ളയെ കുറിച്ച് രാഹുൽ ഗാന്ധി ഉണ്ടാക്കിയ ആശയക്കുഴപ്പമാണ് യോഗം പ്രാഥമികമായി ചർച്ചചെയ്തതെന്നും അവ ഇല്ലാതാക്കാൻ ജനങ്ങളിലേക്കിറങ്ങുമെന്നും മണ്ഡലംതോറും പരിപാടികൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി ബിഹാർ സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്സ്വാൾ പറഞ്ഞിരുന്നു. ഭരണഘടന വ്യവസ്ഥകൾ പ്രകാരമാണ് വോട്ടർപട്ടിക തീവ്ര പരിശോധന (എസ്.ഐ.ആർ) നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് മറ്റൊരു മുതിർന്ന നേതാവ് പറഞ്ഞു. നവംബർ 20 വരെ തെര​ഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിവരുമെന്നാണ് കേന്ദ്ര നേതാക്കൾ സംസ്ഥാന നേതാക്കളെ അറിയിച്ചത്.

Tags:    
News Summary - rahul gandhi after Vice President Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.