ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. 2026ലെ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാനായി അസമിൽ എത്തിയതാണ് രാഹുൽ. ഹിമന്ത ഒരു രാജാവിനെപ്പോലെയാണ് പെരുമാറുന്നതെന്നും അതിനാൽ ജനങ്ങൾ അദ്ദേഹത്തെ ജയിലിൽ അടക്കുമെന്നും രാഹുൽ ആരോപിച്ചു.
'അദ്ദേഹം ഒരു 'രാജാവ്' ആണെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം അധികകാലം അധികാരത്തിൽ ഉണ്ടാകില്ല. അദ്ദേഹം ജയിലിലടക്കപ്പെടും. കോൺഗ്രസ് ആഗ്രഹിക്കുന്നതുകൊണ്ടല്ല. മറിച്ച് അസമിലെ ജനങ്ങൾ അയക്കുന്നതാണ്. അസമിലെ ജനങ്ങൾക്ക് സത്യം അറിയാം. ഉടൻ തന്നെ തെരഞ്ഞെടുപ്പ് ഉണ്ടാകും. അതിൽ കോൺഗ്രസ് വിജയിക്കും. ഞങ്ങൾ ഇവിടെ ഒരു പുതിയ ടീം രൂപീകരിച്ചിട്ടുണ്ട്. ഞങ്ങൾ ജോലി ആരംഭിച്ചിട്ടുണ്ട്. അസമിലെ ജനങ്ങൾ ഉടൻ തന്നെ ഫലം കാണും' -അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ന് ഇന്ത്യയിൽ നടക്കുന്നത് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസിന്റെ വെറുപ്പും അക്രമവും കോൺഗ്രസിന്റെ സത്യവും അഹിംസയും. ഇപ്പോൾ രണ്ട് ഹിന്ദുസ്ഥാനുകളുണ്ട്. ഒന്ന് ആഡംബര വിവാഹങ്ങൾ നടത്തുന്ന ചുരുക്കം ചില ശതകോടീശ്വരന്മാരുടേതും മറ്റൊന്ന് നികുതി ഭാരം വഹിക്കുന്ന സാധാരണക്കാരുടെതും' -രാഹുൽ കൂട്ടിച്ചേർത്തു
വോട്ടർ പട്ടിക മാറ്റങ്ങളിലൂടെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിൽ വോട്ടർ പട്ടിക പരിഷ്കരണം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയാണ് ബി.ജെ.പി വിജയിച്ചതെന്നും ബിഹാറിലും അവർ അതുതന്നെയാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.