മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവും ഷാഹി ഈദ് ഗാഹ് മസ്ജിദും
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും, അടുത്തത് മഥുരയുടെ ഊഴമാണെന്നും പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി. മഥുര വൃന്ദാവൻ ക്ഷേത്രമാണ് ആണ് അടുത്ത ലക്ഷ്യമെന്ന വിവാദ ആൾദൈവം ബാബ ബാഗേശ്വറിന്റെ അഭിമുഖ വീഡിയോ പോസ്റ്റുചെയ്തുകൊണ്ടാണ് ബി.ജെ.പിയുടെ ഔദ്യോഗിക ‘എക്‌സി’ പേജ് വഴിയുള്ള പുതിയ പ്രഖ്യാപനമെത്തുന്നത്.
അയോധ്യ രാമക്ഷേത്ര പോലെ സമാനമായ ഒരു ക്ഷേത്ര പ്രസ്ഥാനങ്ങളിൽ ആർ.എസ്.എസ് ഭാഗമാവില്ലെന്ന സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രസ്താവനക്കു പിന്നാലെയാണ് രാമക്ഷേത്രത്തിനു ശേഷമുള്ള ലക്ഷ്യം കുറിക്കുന്ന പോസ്റ്റുമായി ബി.ജെ.പി രംഗത്തെത്തിയത്.
ശ്രീരാമൻ സിംഹാസനസ്ഥനായി, ഇനി കൃഷ്ണനും തൽസ്ഥാനത്ത് ഇരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ബാബ ബാഗേശ്വറിന്റെ വാക്കുകൾ. രാജ്യത്ത് വിശ്വാസവും പാരമ്പര്യവും ഇപ്പോൾ കൂടുതൽ ബഹുമാനിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തീവ്രഹിന്ദുത്വ പ്രഭാഷണങ്ങളും പ്രസ്താവനകളുമായി വിവാദങ്ങളിൽ നിറയുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി എന്ന ബാഗേശ്വർ ബാബയുടെ ചാനൽ പരിപാടി പങ്കുവെച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ നീക്കം മഥുര കൃഷ്ണജന്മഭൂമിയിലെ അവകാശവാദം വീണ്ടും സജീവമാക്കാനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്.
കഴിഞ്ഞമാസം നടന്ന ആർ.എസ്.എസ് നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു മറ്റൊരു ക്ഷേത്ര പ്രസ്ഥാനത്തിലും ആർ.എസ്.എസ് പങ്കുചേരില്ലെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കിയത്. എന്നാൽ, പള്ളികൾ തിരിച്ചുപിടിക്കാൻ സ്വയംസേവകർ പങ്കെടുക്കുന്നത് തടയിലെന്നും, കാശിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ്ഗാഹ് മസ്ജിദും ഹിന്ദുകൾക്ക് മുസ്‍ലികൾ വിട്ടുകൊടുക്കണമെന്നുമായിരുന്നു മോഹൻ ഭാഗവതിന്റെ പ്രഖ്യാപനം.
ഹിന്ദു മനസ്സുകളിൽ കാശി, മഥുര, അയോധ്യ എന്നിവക്ക് വലിയ പ്രാധാന്യമുണ്ട്. രണ്ടെണ്ണം ജന്മസ്ഥലങ്ങൾ എന്ന നിലയിലും ഒന്ന് താമസസ്ഥലം എന്ന നിലയിലും. അതിനാൽ, ഹിന്ദു സമൂഹത്തിന് ഈ മൂന്നിടങ്ങളും സവിശേഷമാണെന്നും ഭാഗവത് അന്ന് പറഞ്ഞു.
രാമക്ഷേത്രത്തിനു പിന്നാലെ കാശിയും മഥുരയും സജീവമാക്കി നിർത്താനുള്ള രാഷ്ട്രീയ ചുവടുവെപ്പായാണ് മോഹൻ ഭാഗവതിന്റെയും ഇപ്പോൾ ബി.ജെ.പിയുടെയും നീക്കങ്ങളെ വിലയിരുത്തുന്നത്.
അതേമസയം, ക്ഷേത്രങ്ങളോ, ആരാധനാലയങ്ങളോ അല്ല രാജ്യത്തിനാവശ്യമെന്നും, വളർന്നുവരുന്ന യുവതക്ക് തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഒരുക്കുന്നതിൽ സർക്കാറുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ബി.ജെ.പി പോസ്റ്റിന് മറുപടിയുമായി നിരവധി പേരും പ്രത്യക്ഷപ്പെട്ടു.
ബാബരി മസ്ജിദ് തകർത്ത് അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കിയതിനു പിന്നാലെ മഥുര ശ്രീകൃഷ്ണ ജന്മഭൂമിയോട് ചേർന്ന ഈദ് ഗാഹ് മസ്ജിദ്, ഗ്യാൻവാപി മസ്ജിദ് എന്നിവയിലെ വിവിധ ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.