തൃശൂർ: നിക്ഷേപകരുടെ പണം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് കർക്കശ നിയന്ത്രണം ഏർപ്പെടുത്തിയ ഇരിങ്ങാലക്കുട ടൗൺ കോഓപറേറ്റിവ് ബാങ്കിൽ ഇൻഷുറൻസ് അപേക്ഷ നൽകാൻ നിക്ഷേപകരുടെ തിരക്ക്. ജൂലൈ 30 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയ ബാങ്കിലെ 42,600ഓളം നിക്ഷേപകരിൽ നല്ലൊരു ശതമാനം പേരും ഇൻഷുറൻസ് പരിരക്ഷയിലൂടെ തുക നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനായി ബാങ്കിലെത്തുകയും അപേക്ഷ നൽകുന്നവരുടെയും തിരക്ക് തുടരുകയാണ്.
ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ (ഡി.ഐ.സി.ജി.സി) സംവിധാനത്തിലൂടെ അഞ്ചു ലക്ഷം രൂപ വരെയാണ് നിക്ഷേപകർക്ക് ലഭിക്കുക. ഇതിനായുള്ള രേഖകൾക്കും അപേക്ഷ സമർപ്പിക്കാനുമുള്ള ശ്രമത്തിലാണ് നിക്ഷേപകർ. കുറച്ചുപേർ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. ആധാർ കാർഡ്, സേവിങ്സ് ബാങ്ക് അക്കൗണ്ട്, പ്രവർത്തനക്ഷമമായ മറ്റൊരു ബാങ്കിലെ അക്കൗണ്ടും ഐ.എഫ്.എസ്.സി കോഡും തുടങ്ങിയവയാണ് വേണ്ടത്. ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ നിക്ഷേപകരിൽ നല്ലൊരു ശതമാനം പേർക്കും മറ്റ് ബാങ്കുകളിൽ അക്കൗണ്ടില്ല. അതിനാൽതന്നെ പുതിയ അക്കൗണ്ട് ആരംഭിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
വിവാഹം, ചികിത്സ, പഠനം എന്നിങ്ങനെ അടിയന്തര ആവശ്യമുള്ളവർക്ക് മുഴുവൻ നിക്ഷേപവും തിരികെ നൽകാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇത്തരം നിക്ഷേപകരുടെ വിഷയങ്ങൾ റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപെടുത്തും. റിസർവ് ബാങ്ക് അനുവദിച്ചാൽ മുഴുവൻ തുകയും നൽകുമെന്ന് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇതിനുള്ള പണം ബാങ്കിലുണ്ടെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. അതിനിടെ, കുടിശ്ശിക നിവാരണത്തിന് സ്വത്ത് വിൽപനക്കും ഊർജിത നീക്കം തുടങ്ങി. നോൺ ബാങ്കിങ് അസറ്റായി 365 കോടിയുടെ സ്വത്ത് ഇരിങ്ങാലക്കുട ബാങ്കിനുണ്ട്. ബാങ്ക് ജപ്തി ചെയ്ത സ്വത്തുക്കൾ ലേലത്തിൽ ആരും വാങ്ങാതിരുന്നതോടെയാണ് നോൺ ബാങ്കിങ് അസറ്റായി ബാങ്കിന്റെ സ്വത്തായത്. ഈ സ്വത്തിന്റെ നല്ലൊരു ഭാഗവും അതിവേഗം വിൽക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. 185 കോടിയോളം രൂപ കുടിശ്ശികയുണ്ട്. ഈ കുടിശ്ശിക പിരിച്ചെടുക്കലും ഊർജിതമാക്കുന്നുണ്ട്. ഇവ എത്രയും വേഗം നടപ്പാക്കി റിസർവ് ബാങ്കിൽനിന്ന് ഇളവ് നേടാനാണ് ശ്രമം.
കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് ഭരണസമിതിക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കുന്ന സാഹചര്യവുമായതിനാൽ എത്രയും വേഗം പ്രശ്നം പരിഹരിക്കാനാണ് നീക്കം. ഇരിങ്ങാലക്കുട നഗരസഭ ഭരിക്കുന്നതും കോൺഗ്രസാണ്. ബാങ്കിന്റെ പേരിൽ ഇരിങ്ങാലക്കുട നഗരസഭ പിടിക്കാമെന്ന് സി.പി.എമ്മും ബി.ജെ.പിയും കരുതേണ്ടതില്ലെന്ന് ബാങ്ക് ചെയർമാനായ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.