സംഭൽ: ഉത്തർപ്രദേശിലെ ഷാഹി മസ്ജിദിൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടനകൾ നൽകിയ കേസിൽ വാദം കേൾക്കൽ ആഗസ്റ്റ് 21ലേക്ക് നീട്ടി. പ്രാദേശിക അഭിഭാഷക സംഘടന പ്രഖ്യാപിച്ച സമരത്തെ തുടർന്ന് ചന്ദൗസി സിവിൽ കോടതിയാണ് കേസ് നീട്ടിയത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് മുസ്ലിം പക്ഷം അലഹബാദ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതി മേൽനോട്ടത്തിൽ സർവേ അനുവദിച്ച ഹൈകോടതി വാദം കേൾക്കൽ തുടരാനും നിർദേശിച്ചു. കഴിഞ്ഞവർഷം നവംബർ 19ന് അഭിഭാഷകരായ ഹരിശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ എന്നിവർ, മസ്ജിദ് നിർമിച്ചത് നേരത്തെ ക്ഷേത്രം നിലനിന്ന സ്ഥലത്താണെന്നും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംഭൽ ജില്ല കോടതിയിലെത്തിയതോടെയാണ് വിഷയം കോടതി കയറുന്നത്. അന്നേദിവസം കോടതി നിർദേശപ്രകാരം മസ്ജിദ് സ്ഥലത്ത് സർവേ നടന്നു. നവംബർ 24ന് വീണ്ടും നടത്തിയ സർവേയെ ചൊല്ലിയുണ്ടായ സംഘർഷം നാലുപേരുടെ മരണത്തിനിടയാക്കി. സമാജ്വാദി പാർട്ടി എം.പി സിയാഉറഹ്മാൻ ബർഖ്, മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലി എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.