രാഷ്ട്രീയത്തിൽ തൊലിക്കട്ടി വേണമെന്ന് ബി.ജെ.പിയെ ഓർമിപ്പിച്ച് സുപ്രീംകോടതി; മാനനഷ്ടക്കേസ് തള്ളി

ന്യൂഡൽഹി: രാഷ്ട്രീയത്തിൽ തൊലിക്കട്ടി വേണമെന്ന് ഓർമിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി​ക്കെതിരായ ബി.ജെ.പിയുടെ ക്രിമിനൽ മാനനഷ്ടക്കേസ് സുപ്രീംകോടതി തള്ളി.

രാഷ്​ട്രീയ പോരാട്ടത്തിന് സുപ്രീംകോടതിയെ വേദിയാക്കരുതെന്ന് നിരവധി തവണ തങ്ങൾ ആവർത്തിച്ചതാണെന്ന് ഓർമിപ്പിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് 10 ലക്ഷം രൂപ കോടതി ചെലവ് നൽകണമെന്നുകൂടി ആവശ്യപ്പെട്ടുവെങ്കിലും ഉത്തരവിൽ അതൊഴിവാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ ലഭിച്ചാൽ ബി.ജെ.പി പട്ടിക ജാതി-പട്ടിക വർഗ സംവരണം റദ്ദാക്കുമെന്ന രേവന്ത് റെഡ്ഢിയുടെ പ്രസ്താവനക്കെതിരെ ബി.​ജെ.പി തെലങ്കാന ജനറൽ സെക്രട്ടറി കാരം വെങ്കിടേശ്വരലു സമർപ്പിച്ച ഹരജിയാണ് തള്ളിയത്. മാനനഷ്ട ക്കേസ് തെലങ്കാന ഹൈകോടതിയും നേരത്തെ തള്ളിയിരുന്നു. ഇതേ ത്തുടർന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം സുപ്രീംകോടതിയിലെത്തിയത്.

വോട്ട് ചേർക്കാനുള്ള രേഖയായി ആധാർ കാർഡ് അംഗീകരിക്കരുതെന്ന് ബി.ജെ.പി; ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: എല്ലാ സംസ്ഥാനങ്ങളിലും വോട്ടർപട്ടിക പരിഷ്‍കരിക്കാൻ എസ്.ഐ.ആർ നടപ്പാക്കുമ്പോൾ അതിനാധാരമാക്കുന്ന രേഖകളിൽ നിന്ന് ആധാർ കാർഡ് ഒഴിവാക്കണ​മെന്ന് ബി.ജെ.പി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ബിഹാർ എസ്.ഐ.ആർ കേസിൽ കക്ഷി ചേർന്നാണ് ഈ ആവശ്യമുന്നയിച്ചത്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിശോധന(എസ്.ഐ.ആർ) നടത്തണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പിക്ക് പതിവായി പൊതുതാൽപര്യ ഹരജികൾ സമർപ്പിക്കുന്ന ഉപാധ്യായയുടെ ഹരജി.

കമീഷൻ ബിഹാറിൽ ആവശ്യപ്പെട്ട 11 രേഖകളിൽ ഏതെങ്കിലും ഒന്നില്ലെങ്കിൽ രാജ്യത്ത് ഒരു സംസ്ഥാനത്തും വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തരുതെന്ന് ഉപാധ്യായ വാദിച്ചു. ആധാർ കാർഡ് അതിനുള്ള രേഖയായി പരിഗണിക്കരുതെന്നും ബി.ജെ.പി നേതാവ് വാദിച്ചു. ഇതിനെ ഖണ്ഡിച്ച മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ജനപ്രാതിനിധ്യ നിയമത്തിന്റെ 23(4)ാം വകുപ്പ് പ്രകാരം ആധാർ കാർഡ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള രേഖയാണെന്ന് വാദിച്ചു. നിരവധി ആധാർ കാർഡുകൾ കൃത്രിമമായുണ്ടാക്കിയിട്ടുണ്ടെന്ന് ഉപാധ്യായ വാദിച്ചപ്പോൾ എല്ലാ രേഖകളും കൃത്രിമമായി ഉണ്ടാക്കാമെന്ന് ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി പ്രതികരിച്ചു.

ബിഹാറിലെ എസ്.ഐ.ആർ ഭരണഘടനാ വിരുദ്ധമാണെന്ന പ്രധാന വിഷയത്തിൽ സുപ്രീം കോടതി വാദം കേൾക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണനും പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടു. ബിഹാറിലെ കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് രാജ്യമൊട്ടുക്കും പൗരത്വ രേഖകൾ പരിശോധിച്ച് നടപ്പാക്കാനാണ് നീക്കമെന്നും അതിന് കമീഷന് അധികാരമില്ലെന്നും ഇരുവരും വാദിച്ചു.

Tags:    
News Summary - “Thick Skin Needed in Politics”: Supreme Court to BJP as Plea Against Telangana CM Fails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.