ഉത്തരകാശിയിലെ ധരാലിയിൽ മേഘവിസ്ഫോടനത്തിന്റെ ഫലമായുണ്ടായ മിന്നൽ പ്രളയത്തിന്റെ വിഡിയോ ദൃശ്യത്തിൽനിന്ന്

കണ്ണ് ചിമ്മിത്തുറക്കുമ്പോൾ കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായി; ഉത്തരാഖണ്ഡിൽ നൂറിലേറെപ്പേർ മണ്ണിനടിയിൽപെട്ടതായി സംശയം

ഉത്തരകാശി (ഉത്തരാഖണ്ഡ്): ഉത്തരകാശി ജില്ലയിൽ പെയ്ത കനത്ത പേമാരിയെ തുടർന്ന് ഖീർ ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറിലേറെ പേർ മണ്ണിനടിയിൽപെട്ടതായി സംശയം. ഇതിനകം അഞ്ച് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ​കണ്ടെടുത്തത്. 130 ഓളം പേരെ ​സൈന്യം രക്ഷപ്പെടുത്തി.

സമുദ്രനിരപ്പിൽ നിന്ന് 8,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ധരാലി പട്ടണത്തിലെ ഹോട്ടലുകളിലും ഹോംസ്റ്റേകളും തകർത്താണ് മലവെള്ളപ്പാച്ചിൽ താണ്ഡവമാടിയത്. ബഹുനിലകെട്ടിടങ്ങളടക്കം നിമിഷനേരം കൊണ്ട് തകർന്ന് തരിപ്പണമാവുകയായിരുന്നു. ഇതിൽ അധികവും ടൂറിസ്റ്റുകൾ താമസിച്ച ഹോട്ടലുകളാണ്. ഇത്തരത്തിൽ 25 കെട്ടിടങ്ങൾ തകർന്ന് മുന്നൂറിലേറെ പേർ മണ്ണിനടിയിൽപെട്ടതായാണ് അനൗദ്യോഗിക കണക്കെന്ന് പ്രദേശത്തെ മലയാളി അസോസിയേഷൻ നേതാവ് ദിനേശ് മായാനാഥ് പറഞ്ഞു.

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഡൽഹിയിൽനിന്ന് കെഡാവർ നായ്ക്കളെ വിമാനമാർഗ്ഗം ഉത്തരാഖണ്ഡിൽ എത്തിക്കും. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

ഗംഗോത്രിയിലേക്കുള്ള വഴിയിലാണ് ധാരാലി പർവത ഗ്രാമങ്ങൾ. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളും ഒലിച്ചുപോയി. ഖീർ ഗംഗ നദിയുടെ വൃഷ്ടി പ്രദേശങ്ങളിലെവിടെയോ ആണ് മേഘവിസ്ഫോടനമുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. ധരാലിക്ക് പിന്നാലെ സുഖി ടോപ് മേഖലയിലും ചൊവ്വാഴ്ച മേഘവിസ്ഫോടനമുണ്ടായി.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മേഖലക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമിയുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തിന് ഏഴ് സംഘങ്ങളെ നിയോഗിച്ചതായി അറിയിച്ചു.

ആഗസ്റ്റ് പത്തുവരെ ഉത്തരാഖണ്ഡിലുടനീളം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനമുണ്ട്. പർവത മേഖലകളിൽ അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ധർചുല-ഗുഞ്ചി റൂട്ടിലെ ഗസ്കു, മാൽഘട്ട് മേഖലയിലുള്ള റോഡുകൾ മേഘസ്ഫോടനത്തെ തുടർന്ന് അടച്ചു. പാറവീണ് ഗതാഗതം മുടങ്ങിയ സ്ഥലങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ എൻ.ഡി.ആർ.എഫ് സംഘം രക്ഷപ്പെടുത്തുന്നുണ്ട്. സൽധാറിൽ ജ്യോതിർമഠ്-മലാരി മോട്ടോർ റോഡ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതായി ചമോലി പൊലീസ് അറിയിച്ചു.



Tags:    
News Summary - Uttarkashi cloudburst: Flash floods in Uttarakhand leave five dead; over 100 feared trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.