സി.പി. രാധാകൃഷ്ണൻ, ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി
ന്യൂഡൽഹി: എൻ.ഡി.എ അനായാസ ജയമുറപ്പിച്ച ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് പാർലമെന്റ് മന്ദിരം ഇന്ന് സാക്ഷ്യം വഹിക്കുമ്പോൾ ഇരുമുന്നണികളും സ്വന്തം പക്ഷത്തെ വോട്ട് ഉറപ്പിച്ചുനിർത്താനുള്ള പരിശ്രമത്തിൽ. രഹസ്യ ബാലറ്റായതിനാൽ ക്രോസ് വോട്ട് നടക്കുമെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കേ സ്വന്തം ഭാഗത്തുനിന്ന് വോട്ടുചോരാതെ നോക്കുകയാണ് എൻ.ഡി.എയും ഇൻഡ്യയും.
മോദി സർക്കാറുമായുണ്ടായ കടുത്ത അഭിപ്രായ ഭിന്നതയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ നടക്കുന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ വൈകീട്ട് ആറിന് തുടങ്ങും.
ഇരു മുന്നണികളുടെയും ഭാഗമല്ലാത്ത ആന്ധ്രപ്രദേശിലെ പ്രതിപക്ഷമായ വൈ.എസ്.ആർ.സി.പി എൻ.ഡി.എയെ പിന്തുണക്കാൻ തീരുമാനിച്ചപ്പോൾ ഒഡിഷയിലെ പ്രതിപക്ഷമായ നവീൻ പട്നായികിന്റെ ബിജു ജനതാദളും തെലങ്കാനയിലെ പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതിയും എൻ.ഡി.എയോടും ഇൻഡ്യയോടും സമദൂരം പാലിച്ച് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഇരു മുന്നണികളിലുമില്ലാത്ത മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന്റെ അസദുദ്ദീൻ ഉവൈസിയുടെ വോട്ട് ജസ്റ്റിസ് സുദർശൻ റെഡ്ഡിക്കാണ്. അതേസമയം, സ്വതന്ത്രരും ഒരു എം.പി മാത്രമുള്ള ശിരോമണി അകാലിദൾ അടക്കമുള്ള ചെറുകക്ഷികളും മനസ്സ് തുറന്നിട്ടില്ല.
ഇൻഡ്യ സഖ്യത്തിന് പുറത്തുപോയ ആം ആദ്മി പാർട്ടിയും ആടി നിൽക്കുന്ന തൃണമൂൽ കോൺഗ്രസും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് റെഡ്ഡിക്ക് ഒപ്പമാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർക്ക് മാത്രം വോട്ടുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിലവിലുള്ള കക്ഷിനിലയും പിന്തുണയും വെച്ച് മഹാരാഷ്ട്ര ഗവർണറും ബി.ജെ.പി നേതാവുമായ എൻ.ഡി.എ സ്ഥാനാർഥി സി.പി. രാധാകൃഷ്ണന് 439ഉം ഇൻഡ്യ സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിക്ക് 324 വോട്ടുകളും ലഭിക്കണം. ഈ വോട്ടുകളിൽ ഒന്നുപോലും ചോരാതെ കാക്കേണ്ടത് ഇരുമുന്നണികളുടെയും അഭിമാനപ്രശ്നമാണ്.
324 വോട്ടുകൾ ലഭിച്ചാലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ഒരു പ്രതിപക്ഷ സ്ഥാനാർഥിക്ക് കിട്ടുന്ന ഏറ്റവും വലിയ വോട്ടായിരിക്കുമത്. മറുഭാഗത്ത് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ 500ന് മുകളിൽ വോട്ടുലഭിച്ചിരുന്ന എൻ.ഡി.എക്ക് ഇത്തവണ 450 കടക്കാനാവില്ല. എൻ.ഡി.എ സ്ഥാനാർഥികളായിരുന്ന വെങ്കയ്യ നായിഡുവിനും ജഗ്ദീപ് ധൻഖറിനും യഥാക്രമം 516ഉം 528ഉം വോട്ടുകൾ ലഭിച്ചിരുന്നു.
മഹാരാഷ്ട്ര ഗവർണർ കൂടിയായ ആർ.എസ്.എസ് നേതാവിന് ഡി.എം.കെയുമായുള്ള വ്യക്തിബന്ധം വോട്ടിൽ പ്രതിഫലിക്കുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും ആദർശപോരാട്ടത്തിൽ വ്യക്തിബന്ധത്തിന് സ്ഥാനമില്ലെന്നും എൻ.ഡി.എ പക്ഷത്തുനിന്ന് വോട്ടുകൾ തങ്ങൾക്ക് വീഴുമെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം.
വേറിട്ട വോട്ടിങ് രീതിമൂലം വോട്ടുകൾ അസാധുവാകുന്നത് ഒഴിവാക്കാനും ഒരു വോട്ടുപോലും പാഴാകാതിരിക്കാനും ഇൻഡ്യയും എൻ.ഡി.എയും മോക്പോൾ നടത്തി. ഇൻഡ്യ എം.പിമാർക്കായി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടത്തിയ മോക്പോളിൽ കോൺഗ്രസിന്റ മണികം ടാഗോർ, ശക്തി സിങ് ഗോഹിൽ, തൃണമൂൽ കോൺഗ്രസിന്റെ ശതാബ്ദി റോയ് എന്നിവരായിരുന്നു ‘വരണാധികാരികൾ’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.