പിണറായി വിജയൻ

ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാറുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രം, പകപോക്കൽ രാഷ്ട്രീയത്തിന്‍റെ തുടർച്ച -പിണറായി വിജയൻ

തിരുവനന്തപുരം: ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാറുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് ഭരണഘടന 130-ാം ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ തീരുമാനത്തിന്‍റെ ഭാഗമാണ് ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട ഭരണഘടന ഭേദഗതി ബില്ലുകളെന്നും പുതിയ നീക്കം പകപോക്കൽ രാഷ്ട്രീയത്തിന്‍റെ തുടർച്ചയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന

ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാറുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്. അതിനായുള്ള കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ തീരുമാനത്തിന്‍റെ ഭാഗമായി മാത്രമേ ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട 130-ാം ഭരണഘടന ഭേദഗതി ബില്ലുകളെ കാണാൻ കഴിയൂ. കേന്ദ്ര അന്വേഷണ ഏജൻസികളെയുപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്.

കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാറുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിന്‍റെ ഭാഗമായി രാജ്യത്ത് ഭരണഘടന ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ദീർഘകാലം ജയിലിൽ അടച്ചിരുന്നു. എന്നാൽ അവർ രാജി വെക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിൽ.

കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുക; അതിന്‍റെ പേരിൽ അയോഗ്യരാക്കുക- നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. അഴിമതിക്കേസിൽ അറസ്റ്റിലായവർ പാർടി മാറി ബി.ജെ.പിയിലെത്തിയാൽ വിശുദ്ധരാകുന്ന വിചിത്രയുക്തി ഏത് ഭരണഘടന ധാർമികതയുടെ പേരിലാണെന്നു കൂടി ബി.ജെ.പി വിശദീകരിക്കേണ്ടതുണ്ട്.

സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവരാനും നിയമസഭക്കുമേൽ ഗവർണർമാർക്ക് വീറ്റോ അധികാരമുണ്ടെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് സംസ്ഥാന സർക്കാറുകളെ തന്നെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്നാകെ ഉയരണം. രാഷ്ട്രീയ ദുരുപയോഗത്തിന് വഴിവെക്കുന്ന 130ാം ഭരണഘടന ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ട്. 

Tags:    
News Summary - 130th constitutional amendment bill-pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.