തൃശൂർ: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദനമേറ്റു. വിയ്യൂർ സെൻട്രൽ ജയിലിൽ സഹതടവുകാരൻ രഹിലാലുമായി തർക്കമുണ്ടാവുകയും തമ്മിൽതല്ലിൽ കലാശിക്കുകയുമായിരുന്നു. സ്പൂൺ കൊണ്ട് തലക്ക് മർദനമേറ്റ ഇയാൾക്ക് ചികിത്സ നൽകി. അസ്ഫാക്കിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
2023 ജൂലൈ 28ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്ന കേസിൽ വധശിക്ഷയും ജീവപര്യന്തം തടവും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അസ്ഫാക്. ആലുവയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോടു ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തുവച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തിയ മൃതദേഹം ഉറുമ്പരിച്ച നിലയിലാണ് പൊലീസ് കണ്ടെടുത്തത്. കുറ്റകൃത്യം നടന്ന് 35 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. റെക്കോഡ് വേഗത്തിലാണ് കേസന്വേഷണവും വിചാരണയും നടന്നത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കൃത്യം നടന്ന് 100-ാം ദിവസത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി വിധിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരം വധശിക്ഷയും അഞ്ചു വകുപ്പുകളിലായി ജീവപര്യന്തം ശിക്ഷയുമാണ് ജഡ്ജി കെ സോമൻ വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി ജഡ്ജി വ്യക്തമാക്കിയിരുന്നു.
കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ കുറ്റങ്ങള്‍, പ്രകൃതി വിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം എന്നിങ്ങനെ 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 3 കുറ്റങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതിനാല്‍ 13 കുറ്റങ്ങളില്‍ മാത്രമാണ് ശിക്ഷ വിധിക്കുക എന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രായം പരിഗണിച്ചു കൊണ്ട് ശിക്ഷയില്‍ ഇളവു നല്‍കണം, വധശിക്ഷ നല്‍കരുത്, മനപരിവര്‍ത്തനത്തിന് അവസരം നല്‍കണം എന്ന് പ്രതി അസ്ഫാക് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.