മലപ്പുറം: സ്വത്ത് സമ്പാദനക്കേസിൽ എം.ആര്‍ അജിത് കുമാര്‍ വിജിലൻസിന് നൽകിയ മൊഴിയുടെ പകര്‍പ്പ് പുറത്ത്. തനിക്കെതിരെ ഉയരുന്ന ആരോപണത്തിന് പിന്നിൽ പൊലീസിലെ തന്നെ ചിലരാണെന്നും വ്യാജരേഖ ഉണ്ടാക്കിയതിന് പിന്നിലും പൊലീസിലുള്ളവരാണെന്നും അജിത് കുമാർ നൽകിയ മൊഴിയിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ച് താൻ നേരിട്ട് പി.വി.അൻവറിനെ ചെന്ന് കണ്ടിരുന്നുവെന്ന് അദ്ദേത്തിന്റെ മൊഴിയിലുണ്ട്.
അൻവറിന്റെ ഗൂഢ താത്പര്യങ്ങൾക്ക് വഴങ്ങാത്തതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് അൻവർ തുടക്കമിട്ടത്. ഭാര്യയുടെ അച്ഛൻ തന്ന ഭൂമിയിലാണ് കവടിയാറിൽ വീടുവെക്കാൻ തുടങ്ങിയത്. ഒരു തരത്തിലുള്ള അനധികൃത സമ്പാദനവുമില്ല.
ഫ്ലാറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഫ്ലാറ്റ് വാങ്ങിയപ്പോഴും വിൽപ്പന നടത്തിയപ്പോഴും വിശദാംശങ്ങൾ സർക്കാരിൽ അറിയിച്ചിരുന്നുവെന്ന് അജിത് കുമാർ വ്യക്തമാക്കി.
അതേസമയം, അജിത് കുമാർ വിജിലൻസിന് നൽകിയ മൊഴിയിൽ പറഞ്ഞ കൂടിക്കാഴ്ച പി.വി.അൻവർ സമ്മതിച്ചു. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചർച്ച എന്നാണ് അൻവർ പറയുന്നത്. പരാതിയിൽ നടപടി ഉണ്ടാകുമെന്ന് പറഞ്ഞു.
എന്നാൽ, തന്നെ എം.ആർ.അജിത് കുമാർ ചതിക്കുകയായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടു. എന്തു വഴിവിട്ട സഹായമാണ് താൻ ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണം. എം.ആർ അജികുമാർ നെട്ടോറിയൽസ് ക്രിമിനൽ എന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും സർക്കാർ ഇപ്പോഴും എന്തിനാണ് താങ്ങി നിർത്തുന്നതെന്നും അൻവർ ചോദിച്ചു. അജിത് കുമാറിനെതിരെ വിശദമായ പരാതി നൽകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ചയെന്നാണ് പി.വി അൻവറിന്റെ വിശദീകരണം.
ഒറ്റനോട്ടത്തിൽ തന്നെ പൊളിയുന്നതാണ് വിജിലൻസിന്റെ വെള്ള പൂശിയ റിപ്പോർട്ട്. അജിത് കുമാർ ആർ.എസ്.എസിനും കേന്ദ്രസർക്കാറിനും വേണ്ടി ജോലി ചെയ്യുന്നയാളാണെന്നും പി.വി. അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.