തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ലൈഗിംക പീഡന ആരോപണങ്ങളിൽ കുരുക്ക് മുറുക്കാൻ സർക്കാർ. പീഡന ആരോപണം അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകിയതിനു പിന്നാലെ ശനിയാഴ്ച മുതൽ പരിശോധനയും തുടങ്ങും. ആരോപണമുന്നയിച്ച ആറ് പേരിൽ നിന്നും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കും. കൈവശമുള്ള തെളിവുകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയാവും മൊഴിയെടുക്കുന്നത്.
യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് കൂടിയായ രാഹുലിനെതിരെ മാധ്യമങ്ങൾ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും ആരോപണമുന്നയിക്കുകയല്ലാതെ ഇവർ ആരും പരാതികൾ നൽകിയിരുന്നില്ല. എന്നാൽ, വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖമന്ത്രിക്ക് ഉൾപ്പെടെ ലഭിച്ച പരാതികളുടെ തുടർച്ചയായാണ് അന്വേഷണം മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
പരാതിക്കാരുടെ മൊഴിപ്രകാരം ആരോപണമുന്നയിച്ചവരെ നേരിട്ടുകണ്ട് മൊഴിയെടുക്കാനും തെളിവുകൾ ശേഖരിക്കാനുമാണ് പൊലീസ് നീക്കം. ഇതിനായി സൈബർ പൊലീസ് സംഘത്തെയും. വനിതാ പൊലീസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെലഗ്രാം ചാറ്റുകൾ, ശബ്ദര രേഖകൾ എന്നിവ തെളിവായി സമാഹരിക്കും.
നിലവില്‍ അന്വേഷണത്തിനായി നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനുകുമാര്‍ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് അസൗകര്യം അറിയിച്ചതു കാരണം, മണിക്കൂറുകൾക്കകം പുതിയ അന്വേഷണ ഉദ്യോഗസ്ഥനായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജിയെ നിയമിച്ചതും സർക്കാറിന്റെ തിടുക്കമാണ് പ്രകടമാക്കുന്നത്.
സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് രാഹുലിനെതിരെ കേസ് എടുക്കുന്നത്. രാഹുലിനെതിരെ ഉയർന്നുവന്ന ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് രണ്ടു ദിവസം മുമ്പ് നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.
അതിനിടെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല. നോട്ടീസ് ലഭിച്ചില്ലെന്നും അതിനാൽ ഹാജരാകില്ലെന്നുമാണ് രാഹുൽ അറിയിച്ചത്. അതേമസയം, ശനിയാഴ് ഹാജരായില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് നീക്കം.
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രതികളിലൊരാളുടെ മൊബൈലിൽ നിന്ന് ലഭിച്ച ശബ്ദ സന്ദേശത്തിൽ രാഹുലിന്റെ പേരും പരാമർശിച്ചതോടെയാണ് അന്വേഷണം വീണ്ടും അദ്ദേഹത്തിലേക്കെത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ ഇന്നലെ പൊലീസ് വ്യാപക പരിശോധന നടത്തി.
ലൈംഗിക പീഡന പരാതികൾ ഉയർന്നതോടെ രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ, കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സാഹചര്യം ഒഴിവാക്കുന്നതിനായി എം.എൽ.എ സ്ഥാനത്തുനിന്നുള്ള രാജിയെന്ന ആവശ്യത്തിൽ നിന്നും പാർട്ടി പിൻവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.