കോഴിക്കോട്: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക ദിനപത്രം ദീപിക. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ അനുഗ്രഹാശീർവാദത്തോടെ നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾ സംഘങ്ങളുടെ ഒറ്റുചുംബനത്തോടെ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണ്. ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കണമെങ്കിൽ സംഘ്പരിവാറിന്റെ ഔദാര്യം വേണ്ടിവന്നിരിക്കുന്നു. വർഗീയവാദികൾ എപ്പോൾ ചോദിച്ചാലും സർട്ടിഫിക്കറ്റുകൾ ഹാജരാക്കിക്കൊള്ളണം. ബൈബിളിനും ക്രൂശിതരൂപത്തിനുമൊക്കെ പരോക്ഷ വിലക്കാണ്.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാൻ തീവ്ര മതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകൾ റെയിൽവേസ്റ്റേഷനിൽ ആൾക്കൂട്ട വിചാരണ നടത്തുക, പിന്നീട് കർശന നിർദേശത്തോടെ പൊലീസിന് കൈമാറുക... മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബി.ജെ.പിക്ക് അറിയാതെയാണോ? ദുരൂഹതയേറുന്നു.
വർഗീയവാദികളുടെ കംഗാരു കോടതികൾ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും മാത്രമല്ല, അവരുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ ആയുധങ്ങളുമായി കടന്നുകയറി ആക്രമണം അഴിച്ചുവിടുകയുമാണ്. ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്.
ബി.ജെ.പി വിചാരിച്ചാൽ വർഗീയതയെ തളക്കാം. പക്ഷേ, അധികാരത്തിന്റെ ആ അക്രമോത്സുക രഥം കേരളത്തിൽ മാത്രമായി ഒഴിവാക്കാനാകുന്നില്ല. ഛത്തീസ്ഗഡിലും ഒറീസയിലും ഉൾപ്പെടെ കന്യാസ്ത്രീകൾക്ക് കുറ്റപത്രവും കേരളത്തിൽ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംകളും ഉൾപ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബി.ജെ.പിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും ഓർമിപ്പിക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.