തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂരിൽ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും മുക്കാട്ടുകരയിലെ 115ാം നമ്പർ ബൂത്തിൽ അദ്ദേഹത്തിന്റെ ഉൾപ്പെടെ 11 പേരെ വോട്ടർമാരായി നിയമവിരുദ്ധമായി ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ എം.പിയുമായ ടി.എൻ. പ്രതാപൻ പൊലീസിൽ നൽകിയ പരാതിയിൽ നടപടി തുടങ്ങി. പരാതിയിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനായി ടി.എൻ. പ്രതാപനോട് ആഗസ്റ്റ് 18ന് വൈകീട്ട് നാലിന് തൃശൂർ അസിസ്റ്റന്റ് കമീഷണറുടെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ നിയമസഭ മണ്ഡത്തിലെ 115ാം നമ്പർ ബൂത്തിൽ വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിരതാമസക്കാരനായ വ്യക്തിക്കു മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കൂ. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിരതാമസക്കാരാണ്.
തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ അദ്ദേഹം കേന്ദ്രമന്ത്രിയായശേഷം നടന്ന റിവിഷനിലും അതേപടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്വത്തിന് തെളിവാണെന്നും ടി.എൻ. പ്രതാപൻ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
സുരേഷ് ഗോപി 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് 115ാം നമ്പർ ബൂത്തിൽ ഏറ്റവും അവസാനമായി വോട്ട് ചേർത്തത്. വോട്ട് ചേർക്കുമ്പോൾ സ്ഥിരതാമസക്കാരനാണെന്ന രേഖയും സത്യപ്രസ്താവനയും നൽകണം. ശാസ്തമംഗലം ഡിവിഷനിൽ സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി തൃശൂരിൽ നൽകിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമനടപടി ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ പൊലീസിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.