തിരുവനന്തപുരം: എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നതിൽ നേതാക്കൾ ഏക നിലപാടിലെത്തിയിട്ടും രാഹുൽ മാങ്കൂട്ടത്തിൽ മുഖം തിരിച്ചതോടെ സംഘടനാ വഴി തേടി കോൺഗ്രസ് നേതൃത്വം. ആരോപണങ്ങളുടെ കാഠിന്യവും പാർട്ടിക്കുള്ളിൽനിന്നുള്ള സമ്മർദവും കണക്കിലെടുത്ത് രാഹുൽ സ്വയം ഒഴിയുമെന്ന ധാരണയായിരുന്നു കെ.പി.സി.സിക്ക്. ഇടതുമുന്നണിയിൽ നിന്നുള്ളതിനേക്കാൾ ശക്തമായ രാജി ആവശ്യമാണ് കോൺഗ്രസിനുള്ളിലുയരുന്നത്.
ഇത്രയൊക്കെയായിട്ടും രാജിക്ക് തയാറാകാതെ രാഹുൽ പ്രതിരോധ ലൈനിലേക്ക് കടന്നതോടെയാണ് പാർട്ടിയും സംഘടനാ വഴി തേടുന്നത്. ജനപ്രതിനിധി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ഹൈകമാൻഡിന് ആദ്യമെങ്കിലും പിന്നാലെ നയം മാറ്റി. ഉചിത തീരുമാനം കൈക്കൊള്ളാനുള്ള അനുമതിയും ഹൈകമാൻഡ് സംസ്ഥാന നേതൃത്വത്തിന് നൽകി. രാജി വേണമെന്ന പരോക്ഷ സൂചനയായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പരാമർശങ്ങളിലും.
ഇതോടെയാണ് രാഷ്ട്രീയ കാര്യ സമിതി വിളിച്ചുചേർത്ത് വിഷയത്തിൽ സംഘടനാപരമായ തീർപ്പിലേക്ക് നീങ്ങാനുള്ള കോൺഗ്രസ് നീക്കം. രാജിക്കാര്യത്തിൽ നേതാക്കൾ ഏകസ്വരത്തിലാണെന്നതിനാൽ മറിച്ചൊരു തീരുമാനം രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുണ്ടാകില്ല. പാർട്ടി ഔദ്യോഗികമായി രാജി ആവശ്യപ്പെടും. വഴങ്ങാത്ത പക്ഷം പാർലമെന്ററി പാർട്ടിയിൽനിന്ന് പുറത്താക്കലടക്കം കടുത്ത നടപടികളുണ്ടാകും.
ഓൺലൈനിലാകും യോഗം ചേരുക. ശബ്ദരേഖകൾ തുടർച്ചയായി പുറത്തുവന്നതോടെ രാഹുലിനോട് പാർട്ടിയിൽ ആർക്കും അനുകമ്പയില്ലാത്ത സ്ഥിതിയാണിപ്പോൾ. രാഹുലിന് വേണ്ടി വാദിക്കുന്നവർ ഒറ്റപ്പെടുന്ന നിലയുമുണ്ട്. ശനിയാഴ്ച വരെ ഇതായിരുന്നില്ല സ്ഥിതി. നിലപാട് വ്യക്തമാക്കാതെ മൗനം തുടർന്നിരുന്ന രമേശ് ചെന്നിത്തലയടക്കം രാജിയാവശ്യപ്പെട്ട് രംഗത്തെത്തി. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് തന്നെ മതിയായ നടപടിയെന്ന് നേരത്തെ വാദിച്ചവരും നിലപാട് മാറ്റി.
എം. മുകേഷടക്കം എം.എൽ.എമാരുടെ കാര്യത്തിലെ കീഴ്വഴക്കം പറഞ്ഞിരുന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിച്ഛായ മോശമാകുമെന്നും കനത്ത തിരിച്ചടിയാകുമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ നിലപാടിലേക്ക് കൂടുതൽ നേതാക്കൾ എത്തിയിട്ടുണ്ട്.
കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെങ്കിലും മുന്നണിക്കുള്ളിലും മുറുമുറുപ്പ് ഉയരുകയാണ്. നിലമ്പൂർ മാതൃകയിൽ ‘ടീം യു.ഡി.എഫ്’എന്ന പേരിൽ തെരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുമ്പോഴുണ്ടായ അപ്രതീക്ഷിത കല്ലുകടിയിൽ ഘടകകക്ഷികളിൽ പലർക്കും അതൃപ്തിയുണ്ട്.
‘ഇനിയും നീട്ടിക്കൊണ്ടുപോകരുത്’എന്ന സന്ദേശം ഇവർ യു.ഡി.എഫ് നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കോൺഗ്രസിലെ വനിത നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.
അതേസമയം, രാഷ്ട്രീയ കാര്യ സമിതിയോ ബന്ധപ്പെട്ട ബോഡികളോ ചേരാതെ ഏകപക്ഷീയ തീരുമാനം അടിച്ചേൽപിക്കുന്നത് ശരിയല്ലെന്ന നിലപാടും കോൺഗ്രസിനുള്ളിലുണ്ട്. രാജിയാവശ്യം തള്ളാതെയാണ് തീരുമാനം ജനാധിപത്യപരമാകണമെന്ന ആവശ്യമുയരുന്നത്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഈ നിലപാട് കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് രാഷ്ട്രീയ കാര്യ സമിതിയിലേക്ക് കാര്യങ്ങളെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.