കൊന്നോല മൊയ്തീൻകുട്ടിയുടെ പേരമകൻ അമീറുദ്ദീനും കുടുംബാംഗമായ ശാഹിദ് ഫാദിലിയും മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺഹാളിന് മുന്നിൽ
മലപ്പുറം: കോട്ടക്കുന്നിന്റെ ചെരിവിൽ ചരിത്രമറിയാനുള്ള ഔത്സുക്യത്തോടെ നിന്നാൽ ഇപ്പോഴും കേൾക്കാം, ബ്രിട്ടീഷ് ക്രൂരതയുടെ നിലക്കാത്ത വെടിയൊച്ചകൾ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ധീര രക്തസാക്ഷിത്വത്തിന് സാക്ഷിയായ ഈ മലഞ്ചെരിവിന് അധിനിവേശ കാപാലികതയുടെ മറ്റനേകം കഥകളും പറയാനുണ്ട്. 1921ലെ മലബാർ വിപ്ലവകാലത്ത് ഖിലാഫത്ത് പ്രവർത്തകരായ മലപ്പുറം നഗരത്തിലെ മൂന്ന് വ്യാപാരികളെ മരത്തിൽ കെട്ടിയിട്ട് ബ്രിട്ടീഷുകാർ വെടിവെച്ചുകൊന്ന സംഭവം അതിലൊന്നാണ്.
1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയിൽ പൊട്ടിപ്പുറപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ അലയൊലികൾ ആദ്യദിവസങ്ങളിൽ മലപ്പുറം നഗരത്തിൽ കുറവായിരുന്നു. എന്നാൽ, ഖിലാഫത്ത് കമ്മിറ്റി ഭാരവാഹികളിൽ ഒരാളായ മണപ്പുറം മമ്മുവിന്റെ വീടിന് മുകളിൽ കെട്ടിയ ഖിലാഫത്ത് പതാക മാറ്റണമെന്ന് മഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ മങ്ങാട്ട് നാരായണമേനോൻ ആവശ്യപ്പെട്ടത് പ്രശ്നങ്ങൾ രൂക്ഷമാക്കി.
തൊട്ടടുത്ത ദിവസം മലപ്പുറത്തെ കോൺഗ്രസ്-ഖിലാഫത്ത് നേതാക്കാളായ കെ.പി. മമ്മുട്ടി മുസ്ലിയാർ, മണപ്പുറം മമ്മു, കള്ളാടി ഉണ്ണീൻ, കിഴക്കേപള്ളിക്കൽ ഉണ്ണീൻ മുസ്ലിയാർ, എളമ്പിലാക്കാട്ട് അഹമ്മദ് കുട്ടി, കൊന്നോല മൊയ്തീൻകുട്ടി എന്നിവരടക്കം ഏഴുപേർക്കെതിരെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
പ്രഹസന വിചാരണക്ക് ശേഷം എല്ലാവർക്കും രണ്ടുവർഷത്തെ തടവും 500 രൂപ പിഴയുമിട്ട് സ്പെഷൽ കോടതി വിധി പ്രഖ്യാപിച്ചു. താമസിയാതെ ഇതിലെ ഉണ്ണീൻ മുസ്ലിയാർ, എളമ്പിലാക്കാട്ട് അഹമ്മദ് കുട്ടി, കൊന്നോല മൊയ്തീൻകുട്ടി എന്നിവരുടെ ശിക്ഷ വധശിക്ഷയാക്കി മാറ്റിയ വിവരം പുറത്തുവന്നു. മാസങ്ങളുടെ തടവുശിക്ഷക്ക് ശേഷം 1922 ജനുവരി ആദ്യവാരം കോട്ടക്കുന്നിന്റെ ചെരിവിൽ മരത്തിൽ കെട്ടിയിട്ട്, സർവരും കാൺകെ, ആ ധീര ഭേശാഭിമാനികളായ മൂന്നുപേരെയും ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് കൊന്നു. ഭൗതികശരീരം കത്തിച്ചുകളഞ്ഞു.
ബാക്കിയായ ഭാഗങ്ങൾ ഇവിടെ കുഴിച്ചുമൂടി. ഈ സ്ഥലത്ത് പണ്ട് കാലത്ത് നേർച്ച നടന്നിരുന്നായും പിന്നീട് ബ്രിട്ടീഷുകാർ അത് വിലക്കിയെന്നുമുള്ള, കുടുംബത്തിലെ പഴയ തലമുറയിൽനിന്ന് കേട്ട വിവരം ചരിത്രാന്വേഷകനും കൊന്നോല കുടുംബാംഗവുമായ മുഹമ്മദ് ശാഹിദ് ഫാദിലി പങ്കുവെച്ചു. അവരുടെ വീരസ്മരണകൾ വരുംതലമുറക്ക് പ്രചോദനമാകുമെന്ന ഭയത്താലാണ് അധിനിവേശകർ മൃതദേഹം കത്തിച്ചുകളഞ്ഞതും നേർച്ച വിലക്കിയതുമെന്നും ശാഹിദ് ഫാദിലി പറഞ്ഞു.
ശാഹിദിന്റെ പ്രപിതാമഹൻ കൊന്നോല യൂസുഫിന്റെ സഹോദരനാണ് കൊന്നോല മൊയ്തീൻകുട്ടി. ‘കോട്ടപ്പടി ട്രാഫിക് സർക്കിളിന്റെ സമീപത്ത് സ്കുളിന് മുൻവശത്തെ കച്ചവടക്കാരായിരുന്നു മൂവരും. സമരപോരാളികൾക്ക് ഇവിടെ വെച്ച് ഭക്ഷണം വിളമ്പി എന്നതായിരുന്നു കുറ്റം.
എല്ലാവരും ആദരവോടെ കണ്ട വ്യക്തിത്വമായിരുന്നു കൊന്നോല മൊയ്തീൻ കുട്ടി’- ഈ ധീര രക്തസാക്ഷിയുടെ പേരമകൻ കൊന്നോല അമീറുദ്ദീൻ പിതാവ് മുഹമ്മദിൽനിന്ന് കേട്ട വിവരങ്ങൾ പങ്കുവെച്ചു. കൊന്നോല മൊയ്തീൻകുട്ടിയുടെ സഹോദരങ്ങളായിരുന്ന കൊന്നോല യൂസുഫ്, അഹമ്മദ് ഹാജി എന്നിവരും സ്വാതന്ത്ര്യപോരാളികളായിരുന്നു. വാഗൺ കൂട്ടക്കൊലയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരാണ് ഈ സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.