വി.ഡി. സതീശൻ

‘രാഹുലിന്‍റെ സസ്പെൻഷൻ സ്ത്രീകളോടുള്ള കോൺഗ്രസിന്‍റെ ആദരവ്; റേപ്പ് കേസ് പ്രതി കൈപൊക്കി മന്ത്രിയായ എം.ബി. രാജേഷിന് ഉളുപ്പ് വേണ്ടേ?’

തിരുവല്ല: ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിനെയും ബി.ജെ.പിയെയും പോലെ പാര്‍ട്ടിയുടെ മുന്‍നിരയില്‍ നില്‍ക്കുന്നയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് സതീശൻ പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടി കാര്‍ശ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും തീരുമാനം എടുക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യം. റേപ്പ് കേസ് പ്രതി കൈപൊക്കി മന്ത്രിയായ എം.ബി രാജേഷിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍ സ്വയം ഒരു ഉളുപ്പ് വേണ്ടേ എന്നും വി.ഡി. സതീശൻ വ്യക്തമക്കി.

കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയതു പോലെ ഇതുവരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. എന്നിട്ടും 24 മണിക്കൂറിനകം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിച്ചു. ഉയര്‍ന്നുവന്ന ആരോപണം പരിശോധിച്ച് നേതാക്കളുമായി ആശയവിനിമയം നടത്തിയാണ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഇതുപോലൊരു തീരുമാനം ഇതിന് മുന്‍പ് കേരളത്തില്‍ എടുത്തിട്ടുണ്ടോ?

ക്രോംപ്രമൈസ് ആയിപ്പോയെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. ഒരു റേപ്പ് കേസിലെ പ്രതി കൈപൊക്കിയിട്ടാണ് എം.ബി രാജേഷ് മന്ത്രി സ്ഥാനത്ത് ഇരിക്കുന്നത്. സ്വയം ഒരു ഉളുപ്പ് വേണ്ടേ? റേപ്പ് കേസിലെ പ്രതിയാണ് സി.പി.എമ്മില്‍ എം.എല്‍.എയായി തുടരുന്നത്. ഇത്തരക്കാര്‍ക്കെതിരെ സി.പി.എം നടപടി എടുക്കാത്തതും ബി.ജെ.പി പോക്‌സോ കേസിലെ പ്രതിയെ ഉന്നതാധികാര സമിതിയില്‍ ഇരുത്തിയിരിക്കുന്നതുമൊക്കെ ഞങ്ങള്‍ക്കും വേണമെങ്കില്‍ ചൂണ്ടിക്കാണിക്കാമായിരുന്നു. ഒരുപാട് പേരുടെ പേരുകള്‍ സി.പി.എമ്മില്‍ നിന്നു തന്നെ പറയാം. പക്ഷെ ഞങ്ങള്‍ അതിനൊന്നും തയാറായില്ല. അതെല്ലാം പറഞ്ഞ് ഉഴപ്പുന്നതിനു പകരം ആദ്യം തന്നെ സ്ഥാനത്ത് നിന്ന് മാറ്റുകയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

സ്ത്രീകളോടുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ബഹുമാനവും ആദരവുമാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. വേറെ ഒരു പാര്‍ട്ടിയെയും പോലെയല്ല കോണ്‍ഗ്രസ് ഇക്കാര്യത്തിലെന്ന് മാധ്യമങ്ങളെക്കൊണ്ട് പറയിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ഇപ്പോള്‍ നടപ്പാക്കി. മറ്റു പാര്‍ട്ടികളെ പോലെയല്ല കോണ്‍ഗ്രസ് നിലപാടെടുത്തത്. ഞങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ആള്‍ക്കെതിരെയാണ് നടപടിയെടുത്തത്. പാര്‍ട്ടിയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളെ രക്ഷപ്പെടുത്താന്‍ ഒരു ശ്രമമവും നടത്താതെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഈ തീരുമാനം എടുത്തത്. അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യും.

സി.പി.എം നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലും അവരൊക്കെ സ്ഥാനങ്ങളില്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ആരോപണവിധേയര്‍ ഇരിക്കുകയാണ്. ഞങ്ങളോട് ചോദിക്കുന്നതു പോലെ അതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിക്കണം. പക്ഷെ നിങ്ങള്‍ ആരോടും ചോദിക്കില്ല. ഇപ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ട സി.പി.എം വനിതാ നേതാക്കളാരും ആരോപണ വിധേയരായ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആരോപണവിധേയര്‍ക്കെതിരെ ഒരു നോട്ടീസ് നല്‍കാന്‍ പോലും സി.പി.എം തയാറായിട്ടില്ല. ആരോപണ വിധേയര്‍ സി.പി.എമ്മില്‍ ഇരിക്കുമ്പോഴാണ് കോണ്‍ഗ്രസ് കര്‍ശന നടപടി എടുത്തത്. അതാണ് കേരളത്തിലെ കോണ്‍ഗ്രസ്. അത് അടയാളപ്പെടുത്തിയാല്‍ മതി.

എല്ലാവരുമായും ആലോചിച്ചാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണം കേരളത്തില്‍ തുടങ്ങിവച്ചത് സി.പി.എമ്മാണ്. ഒരു സ്ത്രീ പോലും സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടരുത് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് ഒരു തരം മനോരാഗമാണ്. എത്ര വനിതാ മാധ്യമപ്രവര്‍ത്തകരെയാണ് സി.പി.എം സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചത്. അന്നൊന്നും ഒരു ചോദ്യവും ഉണ്ടായില്ല. സൈബര്‍ ഇടങ്ങളിലെ ആക്രമണം അവസാനിപ്പിക്കണം. നല്ല നിലപാടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിഷയം പരിശോധിച്ച് രാഷ്ട്രീയ പ്രസ്ഥാനത്തിന് എടുക്കാന്‍ പറ്റിയ ഏറ്റവും വലിയ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എടുക്കാത്ത ധീരതയോടെയുള്ള തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തത്. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിനെയും മാധ്യമങ്ങള്‍ അഭിനന്ദിക്കണമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Rahul's suspension is Congress's respect for women - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.