രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഏറ്റവും ശക്തമായ തീരുമാനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി. പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
അശ്ലീല സന്ദേശമയക്കൽ, മോശമായി പെരുമാറൽ, പരാതിപ്പെട്ടവരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളിൽ പ്രതിസ്ഥാനത്തായ രാഹുൽ മാങ്കൂട്ടം പാർട്ടിയിൽ ഒറ്റപ്പെട്ടപ്പോൾ പിന്തുണയുമായി രംഗത്തെത്തിയ നേതാവായിരുന്നു ഷാഫി പറമ്പിൽ.
പാർട്ടി തീരുമാനം പാർട്ടി കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചതായി വ്യക്തമാക്കിയ ഷാഫി, അത് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബാധകമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ തീരുമാനമാണ് പാർട്ടി സ്വീകരിച്ചത്. അത് കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും ബാധകമാണ് -അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്ത നടപടിയെ മുൻ കെ.പി.സി.സി പ്രസിഡന്റും മുതിർന്ന നേതാവുമായ കെ. സുധാകരൻ സ്വാഗതം ചെയ്തു. അതേസമയം, എം.എൽ.എ സ്ഥാനത്തു നിന്നും രാജിവെക്കണമെന്ന് അഭിപ്രായമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നടപടിയുടെ നന്മ-തിന്മകള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി തീരുമാനിക്കുന്നതെന്തോ അതാണ് തന്റെയും തീരുമാനമെന്നും സുധാകരന്‍ പറഞ്ഞു.
രാഹുൽ വിഷയത്തിൽ കോൺഗ്രസിന്റെ തീരുമാനങ്ങളിൽ ലീഗിന് തൃപ്തയുണ്ടെന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിഷയത്തിൽ കെ.സി വേണുഗോപാലുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും താനും സംസാരിച്ചിരുന്നതായും, ഇക്കാര്യത്തിൽ ലീഗിന്റെ സംതൃപ്തിയോ അഭിപ്രായമോ തേടേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, രഹുൽ രാജിവെച്ചാൽ പാലക്കട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന ആശങ്കയുണ്ടോ എന്ന ചോദ്യത്തിൽ ഒരു ഉപതെരഞ്ഞെടുപ്പും യു.ഡി.എഫ് ഭയക്കുന്നിലെന്നും, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾക്കായിരുന്നു വിജയമെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്നുയർന്ന ശക്തമായ സമ്മർദങ്ങൾക്കിടെ തിങ്കളാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിച്ചത്. ആറു മാസത്തേക്ക് പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.