കോഴിക്കോട്: നിയമത്തിലെ പഴുതുകൾ മറയാക്കി രജിസ്ട്രേഷൻ വകുപ്പിൽ ഉദ്യോഗസ്ഥരുടെ കൊള്ള. സ്ഥലത്തിന്റെ ഫെയർ വാല്യു (ന്യായ വില) സംബന്ധിച്ച കൃത്യമായ മാനദണ്ഡമില്ലാത്തതാണ് സബ് രജിസ്ട്രാർ ഓഫിസ് മുതൽ മുകളിലേക്കുള്ള രജിസ്ട്രാർ ഓഫിസുകൾ കൊള്ളയടി കേന്ദ്രങ്ങളാകുന്നത്.
ഓഫിസുകളിലെ ഒറ്റപ്പെട്ട ഉദ്യോഗസ്ഥർ മാത്രമാണ് അപവാദം. രജിസ്ട്രേഷൻ തുകയുടെ വിഹിതമനുസരിച്ചാണ് ഉദ്യോഗസ്ഥർ ആധാരമെഴുത്ത് ഓഫിസുകളിലെ ഇടനിലക്കാർ മുഖാന്തരം കൈക്കൂലി വാങ്ങുന്നത്. സ്ഥലത്തിന്റെ കിടപ്പും പ്രകൃതവും റോഡ് സൗകര്യവും അനുസരിച്ചാണ് ഫെയർ വാല്യു തീരുമാനിക്കുന്നത്.
വർഷങ്ങൾക്കുമുമ്പ് തീരുമാനിച്ച ഫെയർ വാല്യു അനുസരിച്ച് രജിസ്റ്റർ ചെയ്യുന്നതിന് സബ് രജിസ്ട്രാർ ഓഫിസ് ഉദ്യോഗസ്ഥർ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നതാണ് കൈക്കൂലിക്ക് ഇടപാടുകാർ നിർബന്ധിതമാകുന്നത്. കൈക്കൂലി നൽകാത്ത ആധാരം എഴുത്തുകാർ എത്രകൂടിയ വിലയിട്ടാലും അതിൽ തർക്കം ഉന്നയിക്കുകയും ഇടപാടുകാർക്ക് വൻ നഷ്ടം വരുത്തുകയും ചെയ്യുന്ന സാഹചര്യമാണ്.
2010നുശേഷം യഥാസമയം ഫെയർ വാല്യു വർധിപ്പിക്കുന്നതല്ലാതെ കൃത്യനിരക്കിൽ നിജപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. ആധാരത്തിൽ സംഭവിക്കുന്ന ഭൂമി സംബന്ധിച്ച അതിര്, അളവ് തുടങ്ങിയ തെറ്റുകളും ക്ലറിക്കൽ തെറ്റുകളും കൊള്ളക്ക് അവസരം നൽകുന്നു.
സംഭവിച്ചത് ഏതുതരത്തിലുള്ള തെറ്റാണെന്ന് തീരുമാനിക്കേണ്ടത് സബ് രജിസ്ട്രാർമാരാണ്. മെറ്റീരിയൽ തെറ്റുകൾ സംഭവിച്ച ആധാരത്തിന്റെ തെറ്റുതിരുത്തലിന് മുഴുവൻ തുകയുടെയും സ്റ്റാമ്പ് വേണം. ക്ലറിക്കൽ തെറ്റിന് സ്റ്റാമ്പിന്റെ ആവശ്യവുമില്ല. മെറ്റീരിയൽ തെറ്റുതിരുത്തലിന് സംസ്ഥാനത്തെ ഏതു ജില്ല രജി സ്ട്രാർമാർക്കും അധികാരമുള്ളതിനാൽ പല രജിസ്ട്രാർമാരും വൻ തുക വാങ്ങി തെറ്റുതിരുത്തലുകൾ നടത്തുകയാണ്.
ഇവർക്കുമുകളിൽ മറ്റൊരു പരിശോധക സംഘം സാധാരണ ഗതിയിൽ ഇല്ലാത്തതിനാൽ ഏത് ‘കടുംകൈ’ക്കും പണംമോഹിച്ച് പലരും തയാറാകുന്നു. തെറ്റുകൾക്ക് ഉത്തരവാദി ആധാരമെഴുത്തുകാരുമാണെന്നതിനാൽ അവരും കൈക്കൂലി നൽകലിന് നിർബന്ധിതമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.