സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മർകസിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കുന്നു. ജില്ലാ സെക്രട്ടറി എം.മെഹബൂബ് സമീപം. ഫോട്ടോ. പി. സന്ദീപ്
കോഴിക്കോട്: യമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നിമിഷപ്രിയയുടെ ശിക്ഷ നീട്ടിവെക്കാനുള്ള ഇടപെടൽ നടത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സന്ദർശിച്ച് സന്തോഷം അറിയിച്ചു.
കാന്തപുരം എല്ലാവരുടെ പ്രിയപ്പെട്ട മുസ്ലിയാരായി മാറിയിരിക്കുവെന്നും മനുഷ്യത്വം ഉയർത്തിപ്പിടിക്കാനും മതനിരപേക്ഷ മൂല്യമാണ് കേരളത്തിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് ലോകത്തോട് പറയാനും അദ്ദേഹത്തിന്റെ ഇടപെടലിനായെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
നിമിഷപ്രിയയുടെ മോചനത്തിനായി തുടർന്നുള്ള ചർച്ചയും കാന്തപുരത്തിന്റെ ഇടപെടലും കേരളം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും രാജ്യത്ത് വർഗീയ ദ്രുവീകരണത്തിന് വേണ്ടി നടക്കുന്ന ശ്രമങ്ങൾക്കെതിരെ ഫലപ്രദമായ മാനവിക ഉയർത്തി പിടിച്ചുവെന്നത് ആവേശം നൽകുന്ന സന്ദേശമാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
ബുധനാഴ്ച നടപ്പാക്കേണ്ടിയിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് ആശ്വാസമാണെന്നും വിഷയത്തിൽ ഇടപെട്ടത് ഒരു മനുഷ്യൻ എന്ന നിലയിലാണെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
യമൻ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക ക്രിമിനൽ കോടതി ജഡ്ജി റിസ്വാൻ അഹമ്മദ് അൽ-വജ്റ, സ്വാരിമുദ്ദീൻ മുഫദ്ദൽ എന്നിവർ ഒപ്പിട്ട വിധിപ്പകർപ്പിലാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിയതായി വ്യക്തമാക്കിയത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള ചർച്ചയും വധശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള നീക്കവും ഇനിയും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എം.എൽ.എ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചത്. ഒരു ഇന്ത്യൻ പൗരൻ വിദേശ രാജ്യത്ത് വധശിക്ഷ കാത്തുകഴിയുമ്പോൾ അതിൽ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരം കാണുകയെന്നത് ദേശീയ താൽപര്യമാണെന്ന ബോധ്യത്തിൽനിന്നാണ് താൻ ഇടപെടലിന് മുതിർന്നത്. യമനിലെ തരീമിലുള്ള ആത്മസുഹൃത്തും സൂഫി പണ്ഡിതനും യമനീ മുസ്ലിംകൾക്കിടയിൽ വലിയ സ്വാധീനവുമുള്ള ഹബീബ് ഉമർ ബിൻ ഹഫീളുമായി വിഷയം ചർച്ച ചെയ്തു.
ഹബീബ് ഉമറിന്റെ ഓഫിസ് നോർത്ത് യമൻ ഭരണകൂടവുമായും, ഇരയുടെ കുടുംബവുമായും ബന്ധപ്പെടുകയും അനുനയ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. തുടർന്നാണ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മശ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, സനയിലെ ജിനായത്ത് കോടതി സുപ്രീം ജഡ്ജി, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവർ പങ്കെടുത്ത യോഗം നടന്നത്.
കുടുംബവുമായി ചർച്ചചെയ്ത് നിലപാട് വ്യക്തമാക്കാമെന്നാണ് തലാലിന്റെ ബന്ധുക്കൾ യോഗത്തിൽ അറിയിച്ചത്. ശിക്ഷാ നടപടികൾ നീട്ടിവെക്കാനുള്ള ധാരണ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാക്കിയതിനെ തുടർന്നാണ് ശിക്ഷ നീട്ടിവെച്ചുള്ള വിധി പുറത്തുവന്നതെന്നും കാന്തപുരം പറഞ്ഞു. ചർച്ചയുടെ പുരോഗതി പ്രധാനമന്ത്രിയുടെ ഓഫിസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അഭ്യർഥനയെ തുടർന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവർ ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീൾ വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.