കണ്ണൂർ: ഇസ്‍ലാമിക രാജ്യങ്ങളിൽ പോലും രാവിലെ ഏഴരക്കും എട്ടിനുമാണ് സ്കൂൾ പ്രവർത്തനസമയമെന്നും ഇവിടെ മാത്രം എന്തിന് വാശി പിടിക്കുന്നതെന്നും നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. കാലത്തിന് അനുസരിച്ച് മാറാൻ എല്ലാവരും തയാറാവണമെന്നും മദ്രസ പഠനത്തിന്റെ കാര്യത്തിൽ മത പണ്ഡിതർ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കതിരൂർ പുല്യോട് ഗവ.എൽ.പി സ്കൂളിന്റെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
വിദേശരാഷ്ട്രങ്ങളിൽ, പ്രത്യേകിച്ച് ഇസ്‍ലാമിക രാഷ്ട്രങ്ങളിൽ വരെ രാവിലെ ഏഴരക്കാണ് സ്കൂൾ സമയം തുടങ്ങുന്നത്. ഇവിടെയെത്തുമ്പോൾ അതൊന്നും പറ്റില്ല. പത്തുമണിക്കേ പറ്റൂ. അവിടെ മദ്രസ പഠനമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
‘മതപഠനത്തിനോ മത വിദ്യാഭ്യാസത്തിനോ ഒന്നും ഞങ്ങൾ എതിരല്ല. പക്ഷേ, കാലത്തിന് അനുസരിച്ച് നമ്മൾ മാറണം. സ്കൂൾ സമയം പത്തുമണി മുതൽ നാല് മണിവരെ എന്നത് മാറ്റണം. പകരം എട്ടുമണിക്ക് സ്കൂൾ തുടങ്ങണം. രാവിലെ ഉറങ്ങിയെണീക്കുന്ന കുട്ടി നല്ല ഫ്രഷായി സ്കൂളിൽ പഠിക്കാൻ എത്തണം. ഉച്ച ഒരുമണിക്ക് മുമ്പായി വീട്ടിലെത്തണം. ഉച്ചക്ക് വീട്ടിലെത്തുന്ന കുട്ടികൾ ഭക്ഷണം കഴിച്ച് കളിക്കാനിറങ്ങട്ടെ. അന്നേരം മതപഠനം നടത്തട്ടെ. മദ്രസയിൽ പൊയ്ക്കോട്ടെ. പത്തുമണിക്ക് മാത്രമേ സ്കൂൾ തുടങ്ങാൻ പറ്റൂവെന്ന വാശി ഒഴിവാക്കണം. ഇക്കാര്യത്തിൽ മത പണ്ഡിതൻമാരും പുനർവിചിന്തനത്തിന് വിധേയമാകണം. ഞാൻ മുമ്പും ഇതേപോലെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ എന്നെ എല്ലാവരും ആക്ഷേപിച്ചു. മതവിരുദ്ധനാക്കാൻ ശ്രമിച്ചു. ഇപ്പോൾ ഒരു മതപണ്ഡിതൻ അങ്ങനെ പറഞ്ഞല്ലോ. അതുപോലെ ഈ വിഷയത്തിൽ ഞാൻ എന്റെ അഭിപ്രായം പറയുന്നു. സ്കൂൾപഠനസമയം 10 മുതൽ നാലുമണി എന്ന സമയം മാറ്റുന്നത് സംബന്ധിച്ച് കേരളത്തിൽ വലിയ ചർച്ച വേണം’ - സ്പീക്കർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.