ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: കേരളത്തിലെ മത്സ്യ മേഖലയെയും, സംസ്കരണ മേഖലയെയും തകർക്കുന്ന അമേരിക്കയുടെ ചുങ്ക വർദ്ധനയിൽ പ്രതിഷേധിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ നേതൃത്വത്തിൽ കൊച്ചി ബി.എസ്. എൻ. എൽ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വേമ്പനാട് കായൽ ഡ്രഡ്ജ് ചെയ്ത് ആഴം വർദ്ധിപ്പിക്കുക, വൻകിട കപ്പലുകൾക്ക് കടലിനെ തീറെഴുതരുത്, കടൽ മണൽ ഖനന നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ടു വെച്ചായിരുന്നു പ്രതിഷേധം.
മത്സ്യ മേഖലയെ തകർക്കുന്ന കേന്ദ്ര നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി നടത്തിയ ബി.എസ്. എൻ.എൽ ഓഫീസ് മാർച്ച്
മാർച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ജോർജ് ഉദ്ഘാടനം ചെയ്തു. ഒന്നിന് പിറകെ ഒന്നായി മത്സ്യമേഖലയെ തകർക്കുന്ന നടപടികളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതെന്നും ഏറ്റവും ഒടുവിൽ അമേരിക്കയുമായുള്ള ചുങ്ക ചർച്ചയിൽ മൂന്നുമാസം ഇടവേള ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്തി നയതന്ത്ര നടപടികളിലൂടെ വിഷയം പരിഹരിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
"ആന്ധ്രയിലെയും ഒറീസയിലെയും ലക്ഷക്കണക്കിന് ഉൽപ്പാദക സമൂഹത്തെയും കേരളത്തിലെ സംസ്കരണ തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയാണിത്. ഇതിനു പുറമേ ഇന്ത്യയുടെ കടലിൽ വൻകിട കപ്പലുകൾക്ക് അനുമതിയും കൊടുത്തിരിക്കുകയാണ്. പുറം കടലിൽ കടൽ മണൽ ഖനന നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോവുകയും ആണ്. കുത്തകകൾക്ക് വാരിക്കോരി പ്രോത്സാഹനം ചെയ്യുമ്പോൾ തന്നെ ഈ മേഖലയിലെ പരമ്പരാഗത തൊഴിലാളികളെ തകർക്കുന്ന നയങ്ങളാണിത്. ഈ നടപടിക്കെതിരായി കേരളമെമ്പാടും അതിശക്തമായ പ്രക്ഷോഭത്തിന് ഐക്യവേദി മുൻകൈ എടുക്കും. "ചാൾസ് ജോർജ് പറഞ്ഞു.
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ.എ ജെയിൻ അധ്യക്ഷത വഹിച്ചു. വേമ്പനാട്ട് കായൽ ഇക്കോ ഡെവലപ്മെൻറ് അതോറിറ്റി അടിയന്തരമായി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരേഷ് ശർമ,സലിം ബാബു, ജയകൃഷ്ണൻ, വി.എൻ ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.വി രാജൻ സ്വാഗതവും വി.എൻ ഷണ്മുഖൻ കൃതജ്ഞതയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.