തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബനെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനത്തിന് ക്ഷണിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്’എന്ന രീതിയിൽ കുഞ്ചാക്കോ ബോബന്‍റെ പേരിലുള്ള പ്രസ്താവന ഗ്രാഫിക്സ് കാർഡായി പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രി ഫേസ്ബുക് പോസ്റ്റിട്ടത്.
ഗ്രാഫിക്സ് കാർഡുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ എന്താണ് ചാക്കോച്ചൻ പറഞ്ഞതെന്ന് കേട്ടുവെന്ന് പ്രസംഗത്തിന്‍റെ വിഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രി കുറിപ്പിൽ പറയുന്നു. ചാക്കോച്ചൻ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസിലാക്കുന്നത്. എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും. കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും കുറിപ്പിൽ മന്ത്രി പറയുന്നു.
‘ജയിലുകളിലാണ് കുറച്ചുകൂടി നല്ല ഭക്ഷണം ലഭിക്കുന്നതെന്ന് തോന്നുന്നു. അതിന് ഒരുമാറ്റം വരണം. കുറ്റവാളികളെ വളർത്താനല്ല; കുറ്റമറ്റവർക്കായി നല്ല സാഹചര്യമൊരുക്കാനായിരിക്കണം ഏതൊരു സർക്കാറും ശ്രമിക്കേണ്ടത്’ എന്നിങ്ങനെയായിരുന്നു കുഞ്ചാക്കോ ബോബന്‍റെ പ്രസംഗത്തിലെ പരാമർശം.
"മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്'- കുഞ്ചാക്കോ ബോബൻ"
ഈ രൂപത്തിലുള്ള ഗ്രാഫിക്സ് കാർഡുകൾ ആണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്താണ് ചാക്കോച്ചൻ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകൾ ഞാൻ കേട്ടു. ചാക്കോച്ചൻ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.
എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും.
കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.