‘എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തി’ -അടൂർ ഉദ്ഘാടകനായ പരിപാടി ബഹിഷ്‍കരിച്ച് ഡോ. ടി.എസ് ശ്യാംകുമാർ

കോഴിക്കോട്: സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധ സൂചകമായി അദ്ദേഹം പ​ങ്കെടുക്കുന്ന പരിപാടി ബഹിഷ്‍കരിക്കുമെന്ന് പ്രഖ്യാപിച്ച് ദളിത് ചിന്തകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. ടി.എസ് ശ്യാം കുമാർ. അടൂർ സാഹിത്യോത്സവത്തിൽ പ​ങ്കെടുക്കാൻ ക്ഷണിച്ചിരുന്നതായും, എന്നാൽ, പരിപാടിയുടെ ഉദ്ഘാടകൻ അടൂർ ഗോപാലകൃഷ്ണൻ ആയതിനാൽ വിട്ടു നിൽക്കുകയാണെന്നും ടി.എസ് ശ്യാംകുമാർ ഫേസ് ബുക്കിൽ കുറിച്ചു.

‘അടൂർ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ഞാൻ ക്ഷണിക്കപ്പെട്ടിരുന്നു. പ്രസ്തുത സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നത് അടൂർ ഗോപാലകൃഷ്ണനാണ്. എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തിയ അടൂർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ വിട്ടു നിൽക്കുന്നു’ -എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.

Full View

സാമൂഹ്യപ്രവർത്തക ധന്യ രാമനും പരിപാടി ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 15, 16, 17 തീയതികളിലായി അടൂർ എസ്‌.എൻ.ഡി.പി ഹാളിലാണ് അടൂർ സാഹിത്യോത്സവം നടക്കുന്നത്

ഞായറാഴ്ച നടന്ന സിനിമ കോൺക്ലേവിലായിരുന്നു ദളിത്, വനിതാ ചലച്ചിത്രപ്രവർത്തകരെ അപമാനിച്ചുകൊണ്ട് അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണം. ചലച്ചിത്രകോർപറേഷൻ വെറുതേ പണം നൽകരുത്. ഒന്നരകോടി നൽകിയത് വളരെ കൂടുതലാണ്. സ്ത്രീകളായത്കൊണ്ട് മാത്രം അവസം നൽകരുത്. സൂപ്പർസ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിന് ആയിരിക്കരുത് സർക്കാർ പണം നൽകേണ്ടത്. കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേത് അനാവശ്യമായ സമരമാണ്. സമരം കൊണ്ട് ആ സ്ഥാപനത്തെ ഒന്നുമല്ലാതാക്കി- സിനിമ നയം രൂപീകരിക്കാനായി സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ അടൂർ പറഞ്ഞു.

അതേസമയം, പരിപാടിയുടെ സദസ്സിൽ നിന്നു തന്നെ അടൂരിനെതിരെ പ്രതിഷേധമുയർന്നിരുന്നു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി പൊയ്പ്പാടത്താണ് പരസ്യമായി രംഗത്തെത്തിയത്. തുടർന്ന് അതേ വേദിയിൽ സാസ്കാരിക മന്ത്രി സജി ചെറിയാനും വിമർശനങ്ങൾക്ക് മറുപടി നൽകി. പിന്നാലെ, ചലച്ചിത്ര, സാംസ്കാരിക മേഖലകളിലെ പ്രമുഖരും അടൂരിന്റെ പരാമർശങ്ങളിൽ പ്രതിഷേധം അറിയിച്ചിരുന്നു.
എന്നാൽ, പിന്നീട് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വാദങ്ങളെ ന്യായീകരിച്ചും, അധിക്ഷേപം തുടർന്നും അടൂർ നിലപാട് ആവർത്തിച്ചു.

Tags:    
News Summary - TS Shyamkumar will not attend Adoor festival, inaugurated by Adoor Gopalakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.