എം. നാരായണൻ
കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എം.എൽ.എയുമായ എം നാരായണന് (73) നിര്യതനായി. വാർധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതൽ1996 വരെയും 1996 മുതല്‍ 2001 വരെയും രണ്ട് തവണ ഹോസ്ദുര്‍ഗ് മണ്ഡലം എം.എൽ.എയായിരുന്നു.
2006 തെരഞ്ഞെടുപ്പ് വരെ ഹോസ്ദുർഗ് ആയിരുന്ന ഈ മണ്ഡലമാണ് 2011 മുതൽ കാഞ്ഞങ്ങാട് മണ്ഡലവുമായി മാറിയത്. 1991 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ചെറുവത്തൂർ നീലേശ്വരം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പഴയ ഹോസ്ദുർഗ് മണ്ഡത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിടാൻ യത്നിച്ച ജനകീയനായ എം.എൽ.എയായിരുന്നു എം. നാരായണൻ. രണ്ട് വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഒട്ടേറെ വികസന പദ്ധതികളാണ് ഹൊസ്ദുർഗ് മണ്ഡലത്തിനു വേണ്ടി നടപ്പിലാക്കിയത്. 18 വർഷം പോസ്റ്റുമാനായി ജോലി ചെയ്തിരുന്ന ശേഷം, രാജിവെച്ചാണ് തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങിയത്. 2015 മുതൽ 2020 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.
എ.ഐ.വൈ.എഫ് വെസ്റ്റ് എളേരി പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. സി .പി.ഐ ജില്ലാ കൗൺസിൽ അംഗം, സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി.കെ.എം.യു ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മടിക്കൈയിലെ നാരായണൻ നായർ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് അദ്ദേഹം നടത്തിയ നിരാഹാര സമരം സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ജില്ലാ ആശുപത്രി ശോചനീയാവസ്ഥ പരിഹരിക്കുന്നമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാന്തോപ്പിൽ നടത്തിയ നിരാഹാര സമരവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതാണ്.
പരേതരായ മാവുവളപ്പിൽ ചന്തന്റെയും വെള്ളച്ചിയുടേയും മകനാണ്. ഭാര്യ: കെ എം സരോജിനി (റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരി)
മക്കൾ: ഷീന എൻ (ഹെൽത്ത് ഇൻസ്പെക്ടർ, കാസർകോട് നഗരസഭ), ഷിംജിത്ത് ( ഫോക് ലോർ പരിശീലകൻ, നാടൻപാട്ട് തെയ്യം കലാകാരൻ), ഷീബ. മരുമക്കൾ: സുരേഷ്, രജനി ( കയ്യൂർ പലോത്ത്), ഗോപാലൻ.
സഹോദരങ്ങൾ: മാധവൻ മാവു വളപ്പിൽ (റിട്ട. സിപിസിആർഐ), എം വി കുഞ്ഞമ്പു (റിട്ട. ഫിഷറീസ്), എം കുമാരൻ മുൻ എംഎൽഎ (സിപിഐ ജില്ലാ കൗൺസിൽ അംഗം) പരേതരായ രാമൻ, കണ്ണൻ (റിട്ട. സിപിസിആർഐ), ചിരുകണ്ഠൻ, രാഘവൻ, ബാലൻ, കുഞ്ഞിരാമൻ.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന് എം.എൽ.എ, പന്ന്യന്‍ രവീന്ദ്രന്, സി.പി മുരളി, കാസര്‍കോട് ജില്ലാ സെക്രട്ടറി സി.പി ബാബു, ബി .കെ.എം.യു സംസ്ഥാന പ്രസിഡന്റ് ചിറ്റയംഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.