കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ സംഘ്പരിവാറിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച സീറോ മലബാർ കത്തോലിക്കാ ഇരിങ്ങാലക്കുട രൂപതക്കെതിരെ പീഡനക്കേസ് ആയുധമാക്കി സംഘ്പരിവാർ സംഘടനയായ ഹിന്ദു ഐക്യവേദി. പീഡനക്കേസിൽ പ്രതിയായ യുവ വൈദികൻ ആഷിൽ കൈതാരത്തെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. കുമ്പസാര രഹസ്യത്തിന്റെ പവിത്രതയെ ചൂഷണം ചെയ്തു കൊണ്ടാണ് യുവവൈദികൻ വീട്ടമ്മയെ പീഡിപ്പിച്ചതെന്നും ഒന്നും രണ്ടും തവണയല്ല, പല സന്ദർഭങ്ങളിൽ പല സ്ഥലങ്ങളിൽ പലതവണ ഭീഷണിപ്പെടുത്തിയും പണം പിടുങ്ങിയും ധ്യാനത്തിൻ്റെ മറവിലും വീഡിയോ എടുത്ത് സൂക്ഷിച്ച് പിന്നീട് ബ്ലാക്ക്മെയിലിങ് നടത്തിയുമാണ് വീട്ടമ്മയുടെ മാനത്തിന് വില പറഞ്ഞതെന്നും ഹരിദാസ് ആരോപിച്ചു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഭരണഘടന ലംഘിക്കപ്പെട്ടിരിക്കുന്നു എന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്തോ മഹാപാതകം ചെയ്തിരിക്കുന്നു എന്നും ആക്രോശിച്ച ഇരിങ്ങാലക്കുട അതിരൂപത, വീട്ടമ്മയെ പീഡിപ്പിച്ചത് ഭരണഘടനയോടുള്ള ആദരവ് കൊണ്ടാണോ എന്ന് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. പീഡന വീരനെ സംരക്ഷിക്കുന്നത് രൂപതയുടെ സ്വർത്ഥ നേട്ടങ്ങൾക്കു വേണ്ടിയാണോ എന്നും സ്വന്തം സഭയിലെ വീട്ടമ്മക്ക് നീതി ലഭ്യമാക്കാൻ രൂപത നിഷ്ക്രിയത്വം ഉപേഷിക്കുമോ എന്നും ഇവർ ചോദിച്ചു.
‘കർത്താവിൻ്റെ സുവിശേഷം നടപ്പിലാക്കാൻ ഇറങ്ങി പുറപ്പെട്ട തിരുവസ്ത്രക്കാർ കുടുംബങ്ങളെയാണ് തകർക്കുന്നത്. ഇത്തരം കുലദ്രോഹികളോടുള്ള രൂപതയുടെ സമീപനം അറിയാൻ താൽപര്യമുണ്ട്. 2025 ജൂലായ് 17 ന് തൃശൂർ ജില്ലയിലെ വെള്ളികുളങ്ങര പോലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ ഇപ്പോഴത്തെ സ്ഥിതിയും രൂപതയുടെ അഭിപ്രായവും എന്താണ്. ഈ വൈദികൻ ഇപ്പോൾ എവിടെയാണ്?
ഇവിടെ ഭരണഘടന ലംഘിക്കപ്പെട്ടിരിക്കുന്നു എന്നും സ്വാർത്ഥ രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള പ്രീണനമാണ് ഇപ്പോൾ നടക്കുന്നതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്തോ മഹാപാതകം ചെയ്തിരിക്കുന്നു എന്നുമുള്ള ആക്രോശമാണല്ലോ ഇരിങ്ങാലക്കുട അതിരൂപത നടത്തിയിരിക്കുന്നത്. അതിനാൽ ദുരൂഹമായ നിഷ്ക്രിയത്വം ഉപേഷിച്ച് ബജ്രംഗദളിനെ നിരോധിക്കണമെന്നും രൂപത ആവശ്യപ്പെടുന്നു. വീട്ടമ്മയെ പീഡിപ്പിച്ചത് ഭരണഘടനയോടുള്ള ആദരവ് കൊണ്ടാണോ? പീഡന വീരനെ സംരക്ഷിക്കുന്നത് രൂപതയുടെ സ്വർത്ഥ നേട്ടങ്ങൾക്കു വേണ്ടിയാണോ? സ്വന്തം സഭയിലെ വീട്ടമ്മക്ക് നീതി ലഭ്യമാക്കാൻ രൂപത നിഷ്ക്രിയത്വം ഉപേഷിക്കുമോ? യേശുക്രിസ്തുവിൻ്റെ നീതി എല്ലാവർക്കും വേണ്ടെ? റോബിൻ വടക്കുംചേരിയുടെ കാര്യത്തിൽ, ഡിവൈൻ ധ്യാനകേന്ദ്രത്തിലെ പഴയ പീഡന വീരൻ ഫാദർ തടത്തിലച്ചന്റെ കാര്യത്തിൽ, ഫ്രാങ്കോ മുളക്കലിന്റെ കാര്യത്തിൽ, ജോസഫ് മാഷിന്റെ കാര്യത്തിൽ ഒക്കെ തരാതരത്തിന് നിലപാടെടുത്ത രൂപത അവരുടെ നിഷ്ക്രിയത്വം ഉപേഷിക്കണം. എന്നിട്ടാവാം ബജ്രംഗ്ദളിനെ നിരോധിക്കലും ഭരണഘടന സംരക്ഷിക്കലും കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഉപദേശിക്കലും’ -ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.
ഛത്തീസ്ഗഡിൽ ജയിലിലടച്ച സിസ്റ്റർമാരുടെ മോചനത്തിനായി യാതൊരു തരത്തിലുമുള്ള ഇടപെടലുകൾ കേന്ദ്രമോ ചത്തീസ്ഗഡ് സർക്കാരോ എടുത്തിട്ടില്ല എന്നത് നിരാശാജനകമാണെന്ന് ഇരിങ്ങാലക്കുട രൂപത ഇടയലേഖനത്തിൽ പറഞ്ഞിരുന്നു. ഭാരതത്തിലെ മുഴുവൻ ക്രൈസ്‌തവരെയും നിയന്ത്രിച്ച് നിർത്തുവാനുള്ള രാഷ്ട്രീയ നിഗൂഢ അജണ്ട തിരിച്ചറിയണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടിയിരുന്നു. ‘2014 മുതൽക്കേ രാജ്യത്ത് ആസൂത്രിതമായ ക്രൈസ്തവപീഡനങ്ങൾ നടന്നുവരുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് നിലവിലെ സംഭവം. വിവിധ സഭകളുടെ തലവന്മാർ ആശങ്കകൾ അറിയിച്ചിട്ടും രാഷ്ട്രീയനേതാക്കൾ അടക്കം പ്രതിഷേധിച്ചിട്ടും, കന്യാസ്ത്രീകളുടെ മോചനത്തിന് കേന്ദ്രസർക്കാരോ, ഛത്തീസ്ഗഡിലെ സർക്കാരോ ശ്രമിച്ചില്ല എന്നത് നിരാശാജനകമാണ്. ഭാരതത്തിന്റെ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിനനുസരിച്ച് ജീവിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും അവകാശമുണ്ട് എന്നിരിക്കെ ബജ്‌രംഗ് ദൾ, സംഘപരിവാർ പോലുള്ള സംഘടനകൾ വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യയായമായി തടവിൽ വെക്കുന്നതും ആൾക്കൂട്ട വിചാരണ നടത്തുന്നതും എതിർക്കപ്പെടേണ്ട വസ്തുത തന്നെയാണ്.
ക്രൈസ്തവർ രാജ്യത്തിന്റെ ഉന്നമനത്തിന് നൽകിയ സംഭാവനകൾ തിരസ്കരിക്കാനും മിഷനറി പ്രവർത്തനങ്ങൾ നിയന്ത്രിച്ച്, ന്യൂനപക്ഷങ്ങളെ ബലം പ്രയോഗിച്ച് അടിച്ചമർത്താനും ശ്രമം നടക്കുന്നുണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് നാം പോകും. മതേതര - ഭരണഘടന അവകാശങ്ങൾ ചിലരുടെ മാത്രം കുത്തകയാകും’ -എന്നും ഇടയലേഖനം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.