വധുവിന് മഹ്റായി സ്വർണത്തിന് പകരം കമ്പനികളുടെ ഷെയർ നൽകി വരൻ; എം.എം. അക്ബറിന്റെ മകനാണ് വ്യത്യസ്തമായ വിവാഹമൂല്യം നൽകിയത്

കോഴിക്കോട്: വിവാഹത്തിന് മഹ്റായി സ്വർണത്തിന് പകരം വിവിധ കമ്പനികളുടെ ഷെയറുകൾ നൽകി വരൻ. മുജാഹിദ് പണ്ഡിതൻ എം.എം. അക്ബറിന്റെ മകൻ ഫർസിന്ദ് അക്ബറാണ് തന്റെ വധു മിൻഹ ഹബീബിന് വ്യത്യസ്തമായ വിവാഹമൂല്യം നൽകിയത്.

സ്വർണ രഹിത ആശയം വധു മുന്നോട്ടുവെച്ചതോടെയാണ് ഷെയർ മഹ്റായി നൽകാൻ തീരുമാനിച്ചതെന്ന് കുടുംബം പറയുന്നു. മലപ്പുറം പരപ്പനങ്ങാടി ഉള്ളണത്താണ് വിവാഹ ചടങ്ങ് നടന്നത്. ഹ്യൂണ്ടായി മോട്ടോർസ്, നാവ ലിമിറ്റഡ്, ഗോഡ്റേജ് ആഗ്രവേറ്റ്, ജൻസിസ് ഇന്റർ നാഷണൽ എന്നീ നാല് കമ്പനികളുടെ 616 ഷെയറുകളാണ് നൽകിയത്.

എം.എം അക്ബറിന്റെയും എ.പി ലൈലയുടെയും മകനാണ് ഫർസിന്ദ്. മിൻഹ ഡോ. ഹബീബ് റഹ്മാൻ-സുഹ്റ കളിയാടൻ ദമ്പതികളുടെ മകളാണ് മിൻഹ.

അതേസമയം, മകൻ നൽകിയത് മ്യൂച്ചൽ ഫണ്ടുകളുടെ ഓഹരികളാണെന്ന പ്രചാരണത്തിന് വിശദീകരണവുമായി എം.എം അക്ബർ രംഗത്ത് വന്നു. തന്റെ മകൻ നൽകിയത് സ്റ്റോക് ഓഹരികളാണെന്നും മ്യൂച്ചൽ ഫണ്ട് അല്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

'വിമർശനങ്ങളുടെ കാതൽ ടാറ്റ എത്തിക്കൽ ഫണ്ടുമായി ബന്ധപ്പെട്ടാണ് എന്നാണ് മനസ്സിലാകുന്നത്. യഥാർത്ഥത്തിൽ എന്റെ മകൻ മഹ്ർ നൽകിയത് ഏതെങ്കിലും മ്യൂച്ചൽ ഫണ്ടുകളിലെ ഓഹരികൾ അല്ല; സ്റ്റോക്ക് ഓഹരികൾ ആണ്. അക്കാര്യത്തിൽ ടാറ്റ എത്തിക്കൽ ഫണ്ടുമായി ഞങ്ങളൊന്നും ബന്ധപ്പെട്ടിട്ടുമില്ല; ബന്ധപ്പെടാൻ താല്പര്യവുമില്ല. ടാറ്റ സ്റ്റോക്കുകൾ നിക്ഷേപ്പിക്കുന്ന കമ്പനികളുടെ ക്രയവിക്രയങ്ങൾ മുഴുവനായി ഇസ്ലാമികമെന്ന് പറയാൻ പറ്റുന്നവയാണോ എന്ന സംശയം തന്നെയാണ് ഈ വിട്ടുനിൽക്കലിന് കാരണം. അഗാധമായ പഠനത്തിന് ശേഷമുള്ള ഒരു വിലയിരുത്തലൊന്നുമല്ല ഇത്. ഹലാലോ ഹറാമോയെന്ന് സംശയിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് നല്ലതെന്ന പ്രവാചകനിർദേശം (നുഅമാനു ബിനു ബഷീറിൽ നിന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത പ്രസിദ്ധമായ ഹദീഥ്) പാലിക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണിത്.

നിലവിൽ ഹലാൽ എന്ന രീതിയിൽ അറിയപ്പെടുന്ന സ്റ്റോക്കുകളെക്കുറിച്ച് പഠിക്കുകയും അവയിൽ ഏറ്റവുമധികം വിശ്വസനീയവും ലാഭസാധ്യതയുള്ളതുമേതാണെന്ന് മനസ്സിലാക്കുകയും ചെയ്തശേഷം നല്ലതെന്ന് തോന്നിയ നാല് കമ്പനികളുടെ 614 സ്റ്റോക്കുകളാണ് മകൻ അവന്റെ വിവാഹത്തിന് മഹ്റായി നൽകിയത്.'- എന്ന് എം.എം. അക്ബർ ഫേസ്ബുക്കിൽ കുറിച്ചു. 

Tags:    
News Summary - M.M. Akbar's son's marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.