മഞ്ജുഷ, നവീൻ ബാബു
കണ്ണൂർ: എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു. എസ്.ഐ.ടി അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. അന്വേഷണത്തിലെ പിഴവുകളും അവർ ഹരജിയിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പ്രതി ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നും പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും വ്യാജ കേസ് നിർമിക്കാൻ ശ്രമിച്ചുവെന്നുമാണ് ഹരജിയിലുള്ളത്.
അന്വേഷണം ശരിയായ വഴിക്കാണെങ്കിൽ ഈ വ്യാജ ആരോപണം തെളിയിക്കാൻ സാധിക്കും. വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ പൊലീസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല. പ്രശാന്തൻ പി.പി. ദിവ്യയുടെ ബിനാമി ആണെന്ന സൂചനയും അന്വേഷിച്ചില്ല. അതുപോലെ ഇലക്ട്രോണിക് തെളിവുകളിൽ പലതിലും ക്രമക്കേട് ഉണ്ടെന്നും മഞ്ജുഷയുടെ ഹരജിയിലുണ്ട്.
കണ്ണൂർ എ.ഡി.എമ്മായിരിക്കെ കഴിഞ്ഞ ഒക്ടോബർ 15നാണ് നവീൻബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എ.ഡി.എമ്മിനുള്ള യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് നവീൻബാബു ജീവനൊടുക്കിയതെന്നും അധികാരവും പദവിയും അവർ ദുരുപയോഗം ചെയ്തെന്നും കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.