തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിൽ ഉരുണ്ടുകളിച്ച് സർക്കാർ. പങ്കാളിത്ത പെൻഷന് പകരം സംസ്ഥാനം ‘അഷ്വേർഡ് പെൻഷൻ’ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം എന്ന് പ്രാവർത്തികമാവുമെന്നതൽ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചുവെന്നും ഇതിന് മറുപടി ലഭിച്ചില്ലെന്നുമുള്ള സർക്കാർ വിശദീകരണം തെറ്റാണെന്ന വിവരാവശകാശ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നത്. കേന്ദ്രസർക്കാരിനോ പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിക്കോ കേരളം കത്തയച്ചിട്ടില്ലെന്ന് ധനവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു.
നിശ്ചിത പെൻഷൻ തുക ഉറപ്പാക്കുന്ന ‘അഷ്വേഡ് പെൻഷൻ പദ്ധതി’ നടപ്പാക്കുമെന്നാണ് 2024ലെയും ഈ വർഷത്തെയും ബജറ്റ് പ്രസംഗങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രസർക്കാർ നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് (യു.പി.എസ്) സമാനമായി ജീവനക്കാരുടെ പങ്കാളിത്തമുള്ളതാവും പുതിയ പെൻഷനെന്നായിരുന്നു വിശദീകരണം.
ഇതിന്റെ ശുപാർശകൾക്കായി ഉദ്യോഗസ്ഥസമിതിയേയും നിയോഗിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇതുസംബന്ധിച്ച വ്യക്തവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിലവിൽ പ്രായോഗിക കടമ്പകളേറെയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. സർക്കാറിന്റെ കാലാവധി അവസാനിക്കുന്നതന് മുമ്പ് പദ്ധതി പ്രഖ്യാപിക്കുമോ എന്ന കാര്യത്തിലും കൃത്യമായ വിവരം നൽകാൻ കഴിയാത്ത സ്ഥിതിയാണ്.
2013 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ പ്രവേശിച്ചവർക്കാണ് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. സർക്കാരിന്റെ ഭീമമായ പെൻഷൻ ബാധ്യത കുറക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. സർക്കാർ സർവീസിന്റെ പ്രധാന ആകർഷണവും സുരക്ഷിതത്വവുമായിരുന്ന മെച്ചപ്പെട്ട പെൻഷൻ സംവിധാനം പങ്കാളിത്ത പെൻഷൻ പ്രാബല്യത്തിൽ വന്നതോടെ നഷ്ടമായി.
പങ്കാളിത്ത പെൻഷൻപ്രകാരം ശമ്പളത്തിന്റെ പത്തുശതമാനം നാഷണല്‍ പെന്ഷന് സ്കീമില്‍ നിക്ഷേപിക്കുന്നുണ്ട്. തുല്യമായ തുക സര്‍ക്കാരും നല്‍കും. ഈ വിഭാഗത്തിലുള്ള ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആയി ഉയർത്തുകയും ചെയ്തു. എന്നാൽ, വിരമിച്ചശേഷം വലിയൊരു ശതമാനം ജീവനക്കാർക്കും നാമമാത്ര പെൻഷനേ ലഭിക്കുന്നുള്ളൂ എന്നതാണ് പദ്ധതിയിലെ പോരായ്മ. പങ്കാളിത്ത പെൻഷൻ വിഷയത്തിൽ നടന്ന സമരങ്ങളെ പിന്തുണച്ചിരുന്ന എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ മലക്കംമറിയുകയായിരുന്നുവെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.