സ്ഫോടനത്തിൽ മരിച്ചയാളുടെ മൃതദേഹം പുറത്തേക്ക് മാറ്റുന്നു, പ്രതി അനൂപ്
കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ഫോടനത്തിൽ തകർന്ന വീടിനു സമീപം താമസിക്കുന്നയാൾ നൽകിയ പരാതിയിൽ എക്‌സ്‌പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. വീട് വാടകക്കെടുത്ത അനൂപ് മാലിക് എന്ന കണ്ണൂർ അലവിൽ സ്വദേശി അനൂപിനെ പ്രതി ചേർത്തു. ഉത്സവങ്ങൾക്കുൾപ്പെടെ പടക്കമെത്തിക്കുന്നയാളാണ് അനൂപ്. സ്ഫോടനത്തിൽ ഇയാളുടെ തൊഴിലാളി ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്.
2016ലെ പൊടിക്കുണ്ട് സ്ഫോടനക്കേസ് ഉൾപ്പെടെ പല കേസുകളിലും പ്രതിയായ ആളാണ് അനൂപ്. മുമ്പത്തെ കേസുകളിൽ നിസാര വകുപ്പുകൾ ചേർത്ത് പൊലീസ് ഇയാളെ രക്ഷിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കീഴറയിലെ വീട്ടിൽ ഉഗ്രസ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ചിന്നിച്ചിതറിയ നിലയിൽ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം എന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. എന്നാൽ പടക്ക നിർമാണ വസ്തുക്കൾ പൊട്ടിത്തെറിച്ചതാകാമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
സംഭവത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണപുരം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലേൽക്കുകയും ചെയ്തു. ഗോവിന്ദന്‍ എന്നയാളുടെ വീടാണ് അനൂപ് വാടകയ്ക്ക് എടുത്തിരുന്നത്. 2016ലെ കേസിന് പുറമെ അനധികൃത പടക്കം സൂക്ഷിച്ചതിന് 2009ലും 2013ലും വളപട്ടണം പൊലീസ് ഇയാളെ പിടികൂടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു.
2016 മാർച്ച് 23നാണ് പൊടിക്കുണ്ടിലെ ഒരു വീട്ടിൽ സൂക്ഷിച്ച പടക്ക സാമഗ്രികൾ പൊട്ടിത്തെറിച്ച് പതിനഞ്ചോളം വീടുകൾ പൂർണമായും മുപ്പതോളം വീടുകൾ ഭാഗികമായും തകർന്നത്. അലവില്‍ സ്വദേശിയായ അനൂപാണ് രാജേന്ദ്ര നഗര്‍ കോളനിയിലെ വീട് വാടകക്ക് എടുത്തിരുന്നത്. രാത്രി 11ന് സ്ഫോടനം നടക്കുമ്പോൾ സ്ഥലത്തെ ഭൂരിഭാഗം പേരും സമീപത്തെ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനു പോയതിനാലാണ് ആളപായം കുറഞ്ഞത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം അഞ്ച് കിലോമീറ്റര്‍ ദൂരം വരെയെത്തി. തകര്‍ന്ന വീടിന്റെ ചെങ്കല്‍ ചീളുകള്‍ നൂറുമീറ്ററോളം ദൂരത്തില്‍ തെറിച്ചുവീണു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
സ്ഫോടനത്തിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും പൂര്‍ണമായും തകര്‍ന്നു. 10 പേർക്കാണ് പരിക്കേറ്റത്. ഇരുനില വീടിന്റെ മുകളിലെ നിലയിൽ സൂക്ഷിച്ച പടക്ക സാമഗ്രികളാണു പൊട്ടിയത്. ഈ സമയത്തു വീട്ടിലുണ്ടായിരുന്ന പെൺകുട്ടി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉഗ്ര സ്ഫോടക ശേഷിയുള്ള സ്ഫോടക ശേഖരം അനധികൃതമായി സൂക്ഷിച്ചിട്ടും പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നു പരാതിയുണ്ട്. സംഭവത്തിനു ശേഷം ഒരു വർഷം കഴിഞ്ഞാണു ജില്ലാ ഭരണകൂടം തകർന്ന വീടുകൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.