പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഈമാസം 30ന് പുന്നമട കായലിൽ നടക്കുന്ന 71ാം നെഹ്റു ട്രോഫി വള്ളംകളിയിൽ ടീമംഗങ്ങൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തിൽ വരുത്തിയ ഭേദഗതികൾക്ക് അംഗീകാരം. കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻ.ടി.ബി.ആർ) എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്.
എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ, എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, എ.ഡി.എം ആശ സി. എബ്രഹാം, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പി.എസ്. വിനോദ്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ്, അഡീഷനൽ എസ്.പി ജിൽസൺ മാത്യു, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, എ.എ. ഷുക്കൂർ, ടെക്നിക്കൽ കമ്മിറ്റി അംഗം ആർ.കെ. കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
മത്സരത്തിൽ വള്ളങ്ങളുടെ സമയക്രമം ഇനിമുതൽ മിനിറ്റിനും സെക്കൻഡിനും ശേഷം മില്ലി സെക്കൻഡായി (മൂന്ന് ഡിജിറ്റ്) നിജപ്പെടുത്തും. ഒരേപോലെ ഒന്നിലധികം വള്ളങ്ങൾ ഫിനിഷ് ചെയ്താൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കം. അങ്ങനെ വന്നാൽ ആറുമാസം വീതം ട്രോഫി കൈവശംവെക്കാം. ആദ്യ ആറുമാസം ആർക്ക് എന്നത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. ഒന്ന് മുതൽ നാല് വരെയുള്ള ഏതെങ്കിലും വള്ളങ്ങൾ തുല്യമായി വന്നാൽ തൊട്ടടുത്ത സ്ഥാനം ഒഴിവാക്കി അടുത്ത സ്ഥാനക്കാർക്ക് നൽകും.
ഐ.ഡി കാർഡ് വാങ്ങിയ ക്ലബുകൾ അവരുടെ ടീമംഗങ്ങളെ നിലനിർത്തേണ്ട ഉത്തരവാദിത്തം ടീം ക്യാപ്റ്റനിൽ മാത്രം നിക്ഷിപതമായിരിക്കും. കളിവള്ളങ്ങളിൽ രാഷ്ട്രീയവും മതപരവുമായി തോന്നാവുന്ന ചിഹ്നങ്ങൾ അനുവദിക്കില്ല. വള്ളങ്ങൾക്ക് തടിയുടെ നിറമോ കറുപ്പ് നിറമോ മാത്രമേ പാടുള്ളൂ.
വള്ളങ്ങളിൽ ഉപയോഗിക്കുന്ന പങ്കായങ്ങൾ, ഇടിയൻ എന്നിവ തടികൊണ്ടുള്ളതും ഇരുന്ന് തുഴയുന്ന തുഴകൾ പനയിൽ നിർമിച്ചതുമായിരിക്കണം. വിപരീതമായി പ്രവർത്തിക്കുന്ന വള്ളങ്ങളെക്കുറിച്ച് മത്സരത്തിന് മുമ്പ് പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കും. വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 12 മുതൽ 21 വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.