Saksham Anganawadi
പാലക്കാട്: ‘സക്ഷം’ പദ്ധതിയുടെ ഭാഗമായി അംഗൻവാടികളിലേക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ടിൽ വ്യാപക അഴിമതി നടന്നെന്ന് ആരോപണം. അംഗൻവാടി കം ക്രഷുകളിലേക്ക് ആവശ്യമായ കളിയുപകരണങ്ങൾ, പാത്രങ്ങൾ, വാട്ടർ പ്യൂരിഫയർ, മ്യൂസിക് പ്ലെയർ, ഗ്യാസ് സ്റ്റൗ, മാറ്റുകൾ തുടങ്ങിയ സാമഗ്രികൾ വാങ്ങിയതിൽ 50 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം.
അഴിമതി സംബന്ധിച്ച് വടക്കഞ്ചേരി കണ്ണമ്പ്ര സ്വദേശി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകൾ സഹിതം ജില്ല ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫിസർക്ക് പരാതി നൽകി. അംഗൻവാടികളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള ‘സക്ഷം’ കേന്ദ്രപദ്ധതിയിൽ കളിയുപകരണങ്ങളും മറ്റും വാങ്ങാൻ ഒരു അംഗൻവാടിക്ക് ഒരു ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. ജില്ലയിൽ ആകെ 21 ഐ.സി.ഡി.എസുകളുണ്ട്. കൊല്ലങ്കോട് ഐ.സി.ഡി.എസിന് കീഴിൽ മാത്രം 171 അംഗൻവാടികളുണ്ട്.
ഇതിൽ 142 അംഗൻവാടികളിലേക്കായി 1.42 കോടി രൂപയുടെ ഫണ്ടാണ് സക്ഷം പദ്ധതിയിൽ അനുവദിച്ചത്. സംസ്ഥാനത്തെ മുഴുവൻ ഐ.സി.ഡി.എസുകളിലും ബ്ലോക്ക് പ്രൊക്വർമെന്റ് കമ്മിറ്റികളുടെ പരിശോധനക്ക് വിധേയമായി ടെൻഡറുകൾ ക്ഷണിച്ച് സുതാര്യമായി വാങ്ങലുകൾ നടത്താനാണ് സർക്കാർ ഉത്തരവ്. എന്നാൽ ഇത്തരത്തിൽ ടെൻഡർ വിളിക്കുന്നതിന് പകരം ഡയറക്ട് പർച്ചേസ് എന്ന രീതിയിലൂടെ മുൻനിശ്ചയിച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തതെന്നാണ് ആരോപണം.
25,000 രൂപക്ക് മുകളിലുള്ള ഏതൊരു നേരിട്ടുള്ള വാങ്ങലുകളും നിയമവിരുദ്ധമാണ്. ഉപകരണങ്ങൾ ഒരുമിച്ച് നിയമവിരുദ്ധമായി വാങ്ങുന്നത് ശ്രദ്ധയിൽപെടാതിരിക്കാൻ ഒരു ഇനം തന്നെ മൂന്നും നാലും തവണകളായാണ് വാങ്ങിയിരിക്കുന്നത്. വകുപ്പ് അനുമതി നൽകാത്ത ഇനങ്ങളാണ് ഭൂരിഭാഗവും വാങ്ങിയിരിക്കുന്നതെന്നും രേഖകളിലുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്ക് സാധനങ്ങൾ വാങ്ങുന്നതിനുള്ള ‘ജെം പോർട്ടലി’നെ മറയാക്കിയാണ് വാങ്ങലുകൾ നടത്തിയത്.
എന്നാൽ നിലവിൽ ജെം പോർട്ടലിലൂടെ പർച്ചേസ് നടത്താൻ വനിത ശിശു വികസന വകുപ്പിന്റെ ഉത്തരവിലും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലും അനുമതി നൽകിയിട്ടില്ല. സ്റ്റോർ പർച്ചേസ് മാനുവലിൽ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ ലംഘിച്ചാണ് പർച്ചേസ് നടത്തിയിരിക്കുന്നത്. അംഗൻവാടികളിലേക്കുള്ള മ്യൂസിക് പ്ലെയർ, വാട്ടർ പ്യൂരിഫയർ, പെൻഡ്രൈവ്, മാറ്റുകൾ തുടങ്ങിയവയെല്ലാം വിപണിയിൽ ഉള്ളതിനേക്കാളും ഇരട്ടി തുകക്കാണ് ഓർഡർ ചെയ്തിരിക്കുന്നത്.
പലതും ആവശ്യത്തിൽ കൂടുതലും വാങ്ങിയിട്ടുണ്ട്. എന്നാൽ ഓർഡർ ചെയ്തിരിക്കുന്നതും അംഗൻവാടികളിലെത്തിച്ചിരിക്കുന്നതും വേറെ വേറെ കമ്പനികളുടെ ഉപകരണങ്ങളാണ്. എട്ടോളം ഇ-ടെൻഡർ അല്ലെങ്കിൽ ജെം പോർട്ടൽ മുഖേന ടെൻഡർ വിളിച്ചു പർച്ചേസ് ചെയ്യേണ്ട ഇനങ്ങളെ 40 ഓളം പർച്ചേസുകളാക്കി നിയമവിരുദ്ധമായാണ് വാങ്ങൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ബ്ലോക്ക് തല സാമ്പിൾ പരിശോധന നടത്താതെയാണ് ലക്ഷങ്ങളുടെ ഉപകരണങ്ങൾ വിപണി നിരക്കിനേക്കാളും ജെം പോർട്ടലിൽ ലഭ്യമായ നിരക്കിനേക്കാളും അമിതവിലക്ക് വാങ്ങിയിട്ടുള്ളത്.
കൂടാതെ ഒരു ഇനം തന്നെ വ്യത്യസ്ത നിരക്കിൽ വ്യത്യസ്ത പാർട്ടികൾക്ക് ഒരേ സമയം ഓർഡറുകളും നൽകിയിട്ടുണ്ട്. ഇതിൽനിന്നും തന്നെ അഴിമതി വ്യക്തമാണെന്ന് കണ്ണമ്പ്ര സ്വദേശി പറയുന്നു. കൊല്ലങ്കോട് ഐ.സി.ഡി.എസിലെ മുഴുവൻ പർച്ചേസുകളും വനിത ശിശു വികസന വകുപ്പിന്റെയും സ്റ്റോർ പർച്ചേസ് ഉത്തരവുകളെല്ലാം ലംഘിച്ചാണ് നടന്നിട്ടുള്ളത്. ഇതു സംബന്ധിച്ച് പാലക്കാട് ജില്ല പ്രോഗ്രാം ഓഫിസർക്ക് പരാതികൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.