കാറിനുള്ളിൽ നിന്ന് രക്ഷപ്പെട്ട സജി
ചാലക്കുടി: 18 വർഷം കാത്തിരുന്ന് പിറന്ന ഇരട്ടക്കുഞ്ഞുങ്ങളുമായി ആശുപത്രിയിൽനിന്ന് മടങ്ങുമ്പോൾ കാറിന് തീപിടിച്ച സംഭവത്തിന്റെ ഞെട്ടൽ മാറാതെ മേലൂർ സ്വദേശി എ.ഡി. സജിയും കുടുംബവും. ദേശീയപാതയിൽ ആമ്പല്ലൂരിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം.
ഭാര്യയുടെ പ്രസവം കഴിഞ്ഞ് എട്ട് ദിവസത്തിനുശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് കൈക്കുഞ്ഞുങ്ങളെയുമായി മടങ്ങിയപ്പോൾ ഇരുട്ടിയിരുന്നു. രാത്രി എട്ടോടെ കാർ ആമ്പല്ലൂരിൽ ദേശീയപാതയിൽ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി വലിയ ഗതാഗത കുരുക്കിൽപ്പെട്ടു. മുൻ സീറ്റുകളിൽ സജിയും ഡ്രൈവറും സുഹൃത്തുമായ സജിമോനും പിൻവശത്ത് ഭാര്യയും ഇരട്ടക്കുഞ്ഞുങ്ങളും ഭാര്യാമാതാവും സഹായത്തിനെത്തിയ അയൽവാസിയായ സ്ത്രീയുമടക്കം ഏഴുപേർ ഉണ്ടായിരുന്നു. പെട്ടെന്ന് കാറിനടിയിൽനിന്ന് പുക വരുന്നതായി ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുന്ന മറ്റൊരു വാഹനത്തിലെ കുട്ടി വിളിച്ചു പറഞ്ഞപ്പോഴേക്കും പുക ഉയർന്നുപൊന്തിയിരുന്നു. ഉടൻ കാർ നിർത്തി സജി ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും ഡോർ സിസ്റ്റം പ്രവർത്തിക്കാതെ ലോക്കായി പോയത് തിരിച്ചടിയായി.
തീ ആളിപ്പടരാൻ തുടങ്ങിയതോടെ ഇനി രക്ഷപ്പെടാനാവില്ലെന്ന് ഒരു നിമിഷം തോന്നി. രക്ഷിക്കാനായി വിളിച്ചാൽ തൊട്ടടുത്ത അഗ്നി രക്ഷാ സേന പോലും കുരുക്കിൽപ്പെടുന്ന അവസ്ഥയിലായി. ജീവിതം കൈവിട്ട് പോകുകയാണെന്ന് തോന്നി. അപ്പോഴേക്കും ദേശീയ പാതയിൽ മറ്റു വാഹനങ്ങളിലുള്ളവർ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി. പിന്നീട് ഒരു വിധം ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള ഡോർ പണിപ്പെട്ട് തുറക്കാനായത് ഭാഗ്യമായി.
അതോടെ മനസ്സാന്നിധ്യം വീണ്ടെടുത്ത് എല്ലാവരും രക്ഷപ്പെടുകയായിരുന്നു. കാറിന്റെ പിൻവശത്തെ ചില്ലുകൾ തകർത്ത് സാധനങ്ങൾ എടുത്തു മാറ്റാൻ മറ്റുള്ളവർ സഹായിച്ചു. നിമിഷങ്ങൾക്കുള്ളിൽ കാറിനെ തീനാളങ്ങൾ വിഴുങ്ങുകയായിരുന്നു. ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത വലിയ ഒരു പേടിസ്വപ്നത്തിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് മേലൂരിലെ വീട്ടിൽ ഇപ്പോൾ സജിയും കുടുംബവും. മുൻ മേലൂർ പഞ്ചായത്ത് അംഗവും ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിതയുടെ ഭർതൃ സഹോദരനുമാണ് സജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.