ചാലക്കുടി ഡിപ്പോയോട് ചേർന്ന കെ.എസ്.ആർ.ടി.സി പെട്രോൾ പമ്പിലേക്ക് വെള്ളം കയറിയ നിലയിൽ
ചാലക്കുടി: വൃത്തിഹീനമായ അന്തരീക്ഷവും വെള്ളക്കെട്ടും ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് ദുരിതം പരത്തുന്നതായി പരാതി. ഡിപ്പോയിലെ രണ്ട് ജീവനക്കാർക്കാണ് ഈയിടെ ഡെങ്കിപ്പനി വന്നത്. എന്നിട്ടും വെള്ളം കെട്ടിക്കിടക്കുന്ന വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ അധികാരികൾ നടപടിയെടുക്കുന്നില്ല. ചാലക്കുടി കെ.എസ്.ആർ.ടി.സിയോട് ചേർന്ന് നിൽക്കുന്ന പെട്രോൾ പമ്പ് പരിസരം മഴ പെയ്തതോടെ തടാകമായി മാറിയിരിക്കുകയാണ്. നേരത്തേതന്നെ ഇവിടെ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ മഴ പെയ്തതോടെ വെള്ളം എല്ലായിടത്തും വ്യാപിച്ചതിനാൽ പെട്രോൾ അടിക്കാൻ വരുന്നവർക്ക് പോലും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം വൃത്തിഹീനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ഡിപ്പോയെ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി പടരുകയാണെന്നാണ് പരാതി.
രണ്ടുമാസം മുമ്പ് ഡിപ്പോയിലെ ഡ്രൈവർക്ക് ഡെങ്കിപ്പനി വന്നിരുന്നു. ഇപ്പോൾ ഇവിടത്തെ കണ്ടക്ടർക്ക് അസുഖം വന്നതോടെ ജീവനക്കാർ പരിഭ്രാന്തിയിലാണ്. പുരുഷന്മാരായ ജീവനക്കാരുടെ സ്റ്റേ റൂമിന്റെ ശോച്യാവസ്ഥയാണ് രോഗം ഉണ്ടാകാൻ കാരണമെന്ന് സംശയിക്കുന്നു. കൂടാതെ ലേഡീസ് സ്റ്റേ റൂമിന് പിറകിലും മറ്റും മലിനജലവും മാലിന്യവും കെട്ടിക്കിടക്കുന്നു. ഇത്തരം ജലത്തിൽ വളരുന്ന ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോപിക്റ്റസ് വിഭാഗത്തിൽ ഉള്ള കൊതുകുകൾ ആണ് രോഗത്തിന് കാരണം. റെസ്റ്റ് റൂമിൽ തന്നെ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇത് പരിഹരിക്കാത്തിടത്തോളം കാലം വീണ്ടും നിരവധി പേർക്ക് അസുഖത്തിന് സാധ്യതയുണ്ടെന്നാണ് ആശങ്ക.
ഹരിത കേരളം ശുചിത്വ മിഷന്റെ ശുചിത്വ അവാർഡ് ലഭിച്ച ചാലക്കുടി യൂനിറ്റിലാണ് ഈ ദുരവസ്ഥ എന്നതാണ് ഏറെ നാണക്കേട്. ചാലക്കുടി നഗരസഭ ഇവിടെനിന്ന് മാലിന്യം കൊണ്ടുപോകുന്നില്ലെന്ന പരാതിയുമുണ്ട്. യൂനിറ്റിൽ തന്നെ സംസ്കരിക്കാനുള്ള നടപടി ഉണ്ടാവണം. ജീവനക്കാരിൽനിന്ന് വർഷത്തിൽ രണ്ട് തവണ തൊഴിൽ നികുതി ഈടാക്കുന്ന നഗരസഭ ഇക്കാര്യം മനസ്സിലാക്കി വേണ്ട നടപടി സ്വീകരിക്കണം. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തായി നിരവധി വീടുകളാണ് ഉള്ളത്. ഡെങ്കിപ്പനി പടരാതിരിക്കാൻ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.